
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പ തട്ടിപ്പ്. ഐഎല്‍&എഫ്എസ് തമിഴ്‌നാട് പവര്‍ എന്ന സ്ഥാപനമാണ് വായ്പ തട്ടിപ്പ് നടത്തിയത്. ഇവരുടെ വായ്പ ബാങ്ക് എന്‍പിഎയുടെ ഭാഗമാക്കി. ഇക്കാര്യങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് തന്നെയാണ് ആര്‍ബിഐയെ അറിയിച്ചത്. നീരവ് മോദി 824 കോടിയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് പിഎന്‍ബിയില്‍ നിന്നും വീണ്ടും ഇത്തരം വാര്‍ത്ത പുറത്ത് വരുന്നത്.
ഐഎല്‍&എഫ്എസ് തമിഴ്‌നാട് പവര്‍ എന്ന സ്ഥാപനം പഞ്ചാബ് & സിന്ധ് ബാങ്കിലും വായ്പ തട്ടിപ്പ് നടത്തിയിരുന്നു. 148 കോടിയുടെ വായ്പ ഫെബ്രുവരി 15ന് പഞ്ചാബ് & സിന്ധ് ബാങ്ക് നിഷ്‌ക്രിയ ആസ്തിയായ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ കടലൂരില്‍ കമ്പനിക്ക് താപവൈദ്യുതനിലയമുണ്ട്. നിഷ്‌ക്രിയ ആസ്തി കണ്ടെത്താന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇത്തരം നടപടികള്‍ ബാങ്കുകള്‍ ശക്തമാക്കുകയും ചെയ്തിരുന്നു.