പോപ്പുലര്‍ ഫിനാന്‍സ് കേസ്: സ്വത്തുക്കള്‍ കണ്ട് കെട്ടാന്‍ നടപടി; സ്വത്തുക്കള്‍ വിറ്റ് പണം തിരികെ നല്‍കും

September 28, 2020 |
|
News

                  പോപ്പുലര്‍ ഫിനാന്‍സ് കേസ്: സ്വത്തുക്കള്‍ കണ്ട് കെട്ടാന്‍ നടപടി;  സ്വത്തുക്കള്‍ വിറ്റ് പണം തിരികെ നല്‍കും

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ നിര്‍ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ട് കെട്ടാനാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. പ്രതികളുടെ സ്വത്തുക്കള്‍ വില്‍പ്പന നടത്തി നിക്ഷേപകര്‍ക്ക് നഷ്ടമായ പണം തിരികെ നല്‍കാനാണ് നീക്കം. ഇതിനായി ആദ്യം പ്രതികളുടെ ആസ്തി വിവരങ്ങള്‍ കണ്ടെത്തും.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടേയും അവരുടെ ബിനാമികളുടേയും ആസ്തി വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കും. തുടര്‍ന്ന് സ്വത്തുക്കള്‍ കണ്ട് കെട്ടുകയും ലേലത്തില്‍ വെക്കുകയും ചെയ്യും. അത് വഴി ലഭിക്കുന്ന പണം തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കൈമാറും. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.

പ്രതികളുടെ സ്വത്തുവിവരങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്യേക അതോറിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളിനെ ആണ് നിയോഗിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഉത്തരവിറക്കി. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും വില്‍പ്പന നടത്താനും ഉളള അധികാരം ഈ അതോറിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുകയാണ്.

കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമയായ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി എന്നാണ് കേസ്. രാജ്യത്ത് 21 സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ആസ്തിയുളളതായി കണ്ടെത്തിയിട്ടുണ്ട്. ആകെ 125 കോടിയോളം മൂല്യം ഉളളതാണ് ആസ്തികള്‍.

Related Articles

© 2020 Financial Views. All Rights Reserved