ഐപിഒയ്ക്കായി സെബിയെ സമീപിച്ച് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്

August 06, 2021 |
|
News

                  ഐപിഒയ്ക്കായി സെബിയെ സമീപിച്ച് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്

ഐപിഒയ്ക്കായി സെബിയില്‍ പേപ്പര്‍ ഫയല്‍ ചെയ്ത് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്. സെബിയില്‍ ഫയല്‍ ചെയ്ത ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) അനുസരിച്ച് പ്രാഥമിക പബ്ലിക് ഓഫറിംഗില്‍ (ഐപിഒ) 150 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും ബന്യന്‍ട്രീ ഗ്രോത്ത് ക്യാപിറ്റല്‍ II ഉടമസ്ഥതയിലുള്ള 4,266,666 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയില്‍ വില്‍പ്പനയുമായിരിക്കും ഉണ്ടാകുക.

കെപി പോള്‍ എന്ന ദീര്‍ഘ ദര്‍ശിയായ സംരംഭകന്‍ സ്ഥാപിച്ച പോപ്പുലര്‍ മോട്ടോഴ്സ് പിന്നീട് പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് എന്ന ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പാകുകയായിരുന്നു. കെ പി പോളിന്റെ മകന്‍ ജോണ്‍ കെ പോള്‍ ആണ് ഇപ്പോള്‍ മാനേജിംഗ് ഡയറക്റ്റര്‍. സഹോദരന്‍ ഫ്രാന്‍സിസ് കെ പോള്‍ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്റ്ററും. ജേക്കബ് കുര്യനാണ് ചെയര്‍മാന്‍.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്പെയര്‍ പാര്‍ട്സ് ഡീലര്‍ എന്ന നിലയില്‍ നിന്ന് മാരുതിയുടെ ഏറ്റവും വലിയ ഡീലേഴ്സ് ആയത് അക്കാലത്ത് ബിസിനസ് രംഗത്തെ തന്നെ വലിയൊരു നിര്‍ണായ മാറ്റമായിരുന്നു. നിലവില്‍ പുതിയ പാസഞ്ചര്‍-വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന, സേവനങ്ങള്‍, അറ്റകുറ്റപ്പണികള്‍, സ്പെയര്‍ പാര്‍ട്സ് വിതരണം, പ്രീ-ഓണ്‍ഡ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന എന്നിവയുള്‍പ്പെടെയുള്ള ഓട്ടോമോട്ടീവ് റീറ്റെയ്ല്‍ ശൃംഖലയിലുടനീളമുള്ള രാജ്യത്തെ മുന്‍നിര ഓട്ടോമോട്ടീവ് ഡീലര്‍ഷിപ്പാണ് പോപ്പുലര്‍.

ഈ മേഖലയില്‍ നിന്നും ഐപിഒയ്ക്ക് ഒരുങ്ങുന്ന ആദ്യ കമ്പനിയും പോപ്പുലര്‍ ആയിരിക്കും. പുതിയ ഇഷ്യുവില്‍ നിന്നുള്ള വരുമാനം കമ്പനിയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പകള്‍ ഉള്‍പ്പെടെയുള്ള ചില വായ്പകള്‍ അടയ്ക്കുന്നതിനും ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved