മഴ വന്നാല്‍ പോപ്പി കുട; വിട വാങ്ങിയത് മലയാളികളുടെ മനംകവര്‍ന്ന കുട വ്യവസായി

April 20, 2021 |
|
News

                  മഴ വന്നാല്‍ പോപ്പി കുട; വിട വാങ്ങിയത് മലയാളികളുടെ മനംകവര്‍ന്ന കുട വ്യവസായി

'മഴ മഴ കുട കുട, മഴ വന്നാല്‍ പോപ്പി കുട' ഈ പരസ്യ ജിംഗിള്‍ മൂളാത്ത മലയാളികള്‍ കാണില്ല. പോപ്പി കുടയെ അറിയാത്തവരും. പോപ്പിയെന്നാല്‍ കുടയുടെ അപരനാമമാക്കി മാറ്റിയ, കുടയില്‍ പുതിയ ഫാഷനുകളുടെ 'കുടമാറ്റം' നടത്തിയ സംരംഭകനായിരുന്നു അന്തരിച്ച ടി വി സ്‌കറിയ. പ്രായഭേദ്യമന്യേ ഏത് മലയാളിയെയും പാട്ടിലാക്കിയ പരസ്യ ജിംഗിളിലൂടെയും ഓരോ സീസണിലും ഒന്നിനൊന്ന് മികച്ച നൂതന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും കൊണ്ടാണ് ടി വി സ്‌കറിയ എന്ന കഠിനാധ്വാനിയായ വ്യവസായി തന്റെ മേഖലയില്‍ ഇരിപ്പിടം സ്വന്തമാക്കിയത്.

കുടയുടെ ലോകത്ത് പിറന്നു വീണ്, കുടയില്‍ അതുവരെയില്ലാത്ത പരീക്ഷണങ്ങള്‍ നടത്തി, കുട വ്യവസായത്തെ മാറ്റി മറിച്ച വ്യക്തിയാണ് ടി വി സ്‌കറിയ. ഉല്‍പ്പന്ന നവീകരണം, അതിന്റെ വിതരണ സമ്പ്രദായം, പ്രചാരണ ശൈലി എന്നുവേണ്ട എല്ലാ തലത്തിലും തന്റേതായ സ്പര്‍ശം കൊടുത്താണ് സ്‌കറിയ പോപ്പി ബ്രാന്‍ഡിനെ വളര്‍ത്തിയത്.

കുടകളുടെ സീസണ്‍ തുടങ്ങും മുമ്പേ പോപ്പിയുടെ മോഡലും അതിന്റെ വിലയും നിശ്ചയിച്ചുള്ള പരസ്യങ്ങള്‍ കുട നിര്‍മാണ മേഖലയുടെ തന്നെ ഒരു ബെഞ്ച്മാര്‍ക്കായിരുന്നു. പരമ്പരാഗതമായ ഒരു മേഖലയെ എങ്ങനെ പുതുമയുള്ള ഇടപെടല്‍ കൊണ്ട് മാറ്റിമറിക്കാനാവുമെന്ന് സ്വന്തം സംരംഭക ജീവിതം കൊണ്ട് സ്‌കറിയ തെളിയിച്ചു. ഫാക്ടറിയില്‍ നിന്ന് നേരിട്ട് കുടകള്‍ കടകളില്‍ എത്തിച്ച് നല്‍കി പരമാവധി വില കുറച്ച് ഉല്‍പ്പന്നം ജനങ്ങളിലേക്ക് എത്തിക്കുക എന്ന തന്ത്രമായിരുന്നു സ്‌കറിയയുടേത്. ഗുണമേന്മയോട് വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവം പോപ്പിയെ വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ സഹായിച്ചു.

തുടക്കം ഇങ്ങനെ...

സെന്റ് ജോര്‍ജ് കുടക്കമ്പനിക്ക് പൂട്ട് വീഴുമ്പോള്‍, സെന്റ് ജോര്‍ജിന്റെ പാരമ്പര്യത്തില്‍ നിന്ന് അന്ന് രണ്ടു ബ്രാന്‍ഡുകള്‍ രൂപം കൊണ്ടു. പോപ്പിയും ജോണ്‍സും. ടി വി സക്‌റിയയുടെ അച്ഛനായ കുടവാവച്ചന്‍ എന്ന തയ്യില്‍ ഏബ്രഹാം വര്‍ഗീസ്, കാസിം കരിം സേട്ടിന്റെ കുടനിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. 1954 ഓഗസ്റ്റ് 17 ന് സ്വന്തമായി സെന്റ് ജോര്‍ജ് കുടക്കമ്പനി അദ്ദേഹം ആരംഭിച്ചു. ആലപ്പുഴയിലെ വാടകക്കെട്ടിടത്തില്‍ തുടങ്ങിയ കമ്പനിയില്‍ നിന്ന് ആദ്യ വര്‍ഷം 500 ഡസന്‍ കുടകള്‍ വിറ്റുപോയി. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ കമ്പനിയുടെ വിപണി സാന്നിധ്യം വര്‍ധിച്ചു വന്നു.

എന്നാല്‍, 41 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഓഗസ്റ്റ് 17 ന് സെന്റ് ജോര്‍ജ് അടച്ചുപൂട്ടേണ്ടി വന്നു. ഇതോടെ പുതിയ കമ്പനി തുടങ്ങാന്‍ സക്‌റിയ തീരുമാനിച്ചു. സെന്റ് ജോര്‍ജില്‍ തുടങ്ങി കുട വ്യവസായത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തിയ അദ്ദേഹം, താന്‍ സാരഥിയായ കമ്പനിക്ക് രണ്ടാമത്തെ മകന്റെ പേര് നല്‍കി. 'പോപ്പി'.

സെന്റ് ജോര്‍ജ് കമ്പനി നിര്‍ത്തിയപ്പോള്‍ ഒരു ലക്ഷം ഡസന്‍ കുടകളുടെ വിപണി സാമ്രാജ്യം അപ്രത്യക്ഷമായെന്നായിരുന്നു എല്ലാവരും അക്കാലത്ത് കരുതിയത്. എന്നാല്‍, ഇന്ന് അതിന്റെ എത്രയോ ലക്ഷം ഇരട്ടി കുടകളുമായി പോപ്പി ഓരോ വര്‍ഷവും വിപണി വിഹിതം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved