ഹെല്‍ത്ത് കെയര്‍ കമ്പനിയായ പോര്‍ട്ടിയ ഓഹരി വിപണിയിലേക്ക്; ലക്ഷ്യം 1000 കോടി രൂപയുടെ സമാഹരണം

April 11, 2022 |
|
News

                  ഹെല്‍ത്ത് കെയര്‍ കമ്പനിയായ പോര്‍ട്ടിയ ഓഹരി വിപണിയിലേക്ക്; ലക്ഷ്യം 1000 കോടി രൂപയുടെ സമാഹരണം

ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ കമ്പനിയായ പോര്‍ട്ടിയ മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ഏകദേശം 900-1000 കോടി രൂപ സമാഹരിക്കാനാണ് പോര്‍ട്ടിയ മെഡിക്കല്‍ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ 700 കോടിയുടെ സെക്കന്‍ഡറി ഓഹരി വില്‍പ്പനയും 200 കോടിയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും അടങ്ങുന്നതായിരിക്കും ഐപിഒ.

ഇതിന്റെ ഭാഗമായി മെയ് മാസത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഒയിലൂടെ ലഭിക്കുന്ന തുക പോര്‍ട്ടിയ മെഡിക്കല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉപയോഗിക്കും.

ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി അതിന്റെ വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച്, അമ്മയുടെയും കുട്ടികളുടെയും പരിചരണം, പോഷകാഹാരം, ഡയറ്റ് കണ്‍സള്‍ട്ടേഷന്‍, ഫിസിയോതെറാപ്പി, നഴ്സിംഗ്, ലാബ് ടെസ്റ്റുകള്‍, കൗണ്‍സിലിംഗ്, മുതിര്‍ന്നവര്‍ക്കുള്ള പരിചരണം, തീവ്രപരിചരണം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. മുംബൈ, ഡല്‍ഹി, ഗാസിയാബാദ്, ബെംഗളൂരു, ലുധിയാന, ജയ്പൂര്‍, ഗുവാഹത്തി, അഹമ്മദാബാദ്, വിജയവാഡ, ഭുവനേശ്വര്‍, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. അതേസമയം 2021 മാര്‍ച്ച് 31 വരെ കമ്പനിക്ക് 48,093 രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു.

Related Articles

© 2025 Financial Views. All Rights Reserved