
ഉരുളക്കിഴങ്ങിന്റെ ആഭ്യന്തര പ്രതിമാസ ശരാശരി ചില്ലറ വില്‍പ്പന വില കിലോഗ്രാമിന് 39.30 രൂപയായി ഉയര്‍ന്നു. ഇത് 130 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പുകളില്‍ നിന്നുള്ള ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മാസം ഡല്‍ഹിയിലെ ഉരുളക്കിഴങ്ങിന്റെ ശരാശരി ചില്ലറ വില ആഭ്യന്തര ശരാശരിയേക്കാള്‍ കൂടുതലാണ്. കിലോയ്ക്ക് 40.11 രൂപയാണ് ഡല്‍ഹിയിലെ ശരാശരി വില. ഇത് 2010 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഈ ഒക്ടോബറിലെ ഉരുളക്കിഴങ്ങിന്റെ ആഭ്യന്തര ശരാശരി ചില്ലറ വില 2019 ഒക്ടോബറിനേക്കാള്‍ ഇരട്ടിയാണ്. കിലോയ്ക്ക് 20.57 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ഉരുളക്കിഴങ്ങിന്റെ ചില്ലറ വില്‍പ്പന വില. 2020 ഒക്ടോബറില്‍ ഡല്‍ഹയിലെ ശരാശരി വില കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ കിലോയ്ക്ക് 25 രൂപയേക്കാള്‍ 60 ശതമാനം കൂടുതലാണ്. സീസണല്‍ വ്യതിയാനങ്ങള്‍ കാരണം സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ ഉരുളക്കിഴങ്ങിന്റെ ചില്ലറ വില്‍പ്പന വില കൂടുതലാണെങ്കിലും. ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മുതല്‍ ഉരുളക്കിഴങ്ങിന്റെ വില കൂടാന്‍ തുടങ്ങിയിരുന്നു.
റീട്ടെയില്‍ വില കുതിച്ചുയരുന്നതിന്റെ ഒരു പ്രധാന കാരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ സംഭരണം കുറവാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ ലോക്ക്‌ഡൌണ്‍ സമയത്ത് വിലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ലോക്ക്‌ഡൌണിനു ശേഷമുള്ള വിലക്കയറ്റത്തിന്റെ സാധ്യതയെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വിളവെടുത്ത പ്രധാന റാബി വിളയില്‍ നിന്ന് ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളില്‍ 36 കോടി ചാക്ക് (50 കിലോഗ്രാം വീതം) ഉരുളക്കിഴങ്ങ് മാത്രമേ സംഭരിച്ചിട്ടുള്ളൂ. ഇത് 2019 ലെ 48 കോടി ചാക്കുകളേക്കാളും 2018 ല്‍ 46 കോടി ചാക്കുകളേക്കാളും 2017ലെ 57 കോടി ചാക്കുകളേക്കാളും വളരെ കുറവാണ്.
കാര്‍ഷിക-കാര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം കോള്‍ഡ് സ്റ്റോറേജിലുള്ള ഉരുളക്കിഴങ്ങ് ഏകദേശം 214.25 ലക്ഷം ടണ്‍ ആണ് (നേരത്തെ 211.29 ലക്ഷം ടണ്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു), 2018-1ല്‍ 238.50 ലക്ഷം ടണ്‍ കോള്‍ഡ് സ്റ്റോറേജ് ശേഖരണം ഉണ്ടായിരുന്നു. ലോക്ക്‌ഡൌണിനുശേഷം ഉരുളക്കിഴങ്ങ് വിലയില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാര്‍ഷിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുറഞ്ഞ സംഭരണം കണക്കിലെടുക്കുമ്പോള്‍, ലോക്ക്‌ഡൌണ്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതോടെ, പ്രത്യേകിച്ച് വരും മാസങ്ങളില്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, വിതരണം വര്‍ദ്ധിപ്പിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമായി കൂടുതല്‍ ഒന്നും ചെയ്തില്ല. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ഇന്ത്യ 1.23 ലക്ഷം മെട്രിക് ടണ്‍ ഉരുളക്കിഴങ്ങ് നേപ്പാള്‍, ഒമാന്‍, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉരുളക്കിഴങ്ങ് (റീട്ടെയില്‍) വില 42 രൂപയില്‍ സ്ഥിരമാണെന്നും അടുത്ത ഏതാനും ദിവസങ്ങളില്‍ 30,000 മെട്രിക് ടണ്‍ ഉരുളക്കിഴങ്ങ് ഭൂട്ടാനില്‍ നിന്ന് എത്തുമെന്നും ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കുന്ന വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ വെള്ളിയാഴ്ച പറഞ്ഞു. ഉരുളക്കിഴങ്ങ് വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവ നിയന്ത്രിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇറക്കുമതി തീരുവ നേരത്തെ 30 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍, 2021 ജനുവരി 31 വരെ ഇറക്കുമതിക്കായി 10 ശതമാനം തീരുവയില്‍ 10 ലക്ഷം മെട്രിക് ടണ്‍ ക്വാട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, അസം, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവയാണ് റാബി ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങള്‍. രാജ്യത്തെ ഉരുളക്കിഴങ്ങ് വിളയുടെ 27 ശതമാനം വരുന്ന ഏറ്റവും വലിയ ഉല്‍പാദകനായ യുപി എല്ലാ സ്വകാര്യ കോള്‍ഡ് സ്റ്റോറുകളോടും ഒക്ടോബര്‍ 31നകം സ്റ്റോക്കുകള്‍ പുറത്തിറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.