
ന്യൂഡല്‍ഹി: ഉരുളക്കിഴങ്ങ് വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിന്റെ അമ്പത് ശതമാനത്തോളം ആണ് വില ഇടിഞ്ഞിരിക്കുന്നത്. ഉത്പാദന മേഖലകളില്‍ മാത്രമല്ല, ഉപഭോക്തൃ മേഖലകളിലും വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു കിലോ ഉരുളക്കിഴങ്ങിന്റെ വില അഞ്ച് മുതല്‍ ആറ് രൂപ വരെ ആയിട്ടാണ് കുറഞ്ഞത്. ഇതോടെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
സാധനങ്ങള്‍ക്ക് വില കുറയുമ്പോള്‍ ആര്‍ക്കാണ് ലാഭം? സംശയമില്ല- ഉപഭോക്താക്കള്‍ക്ക് തന്നെ. ഒരുപക്ഷേ, കച്ചവടക്കാര്‍ക്കും ചെറിയ ലാഭമുണ്ടാകാം. എന്നാല്‍ ഉത്പാദര്‍ക്കാണ് ഇതില്‍ കനത്ത നഷ്ടം നേരിടുക. കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യത്തിലാണെങ്കില്‍ കര്‍ഷകര്‍ ആണ് ഏറ്റവും അധികം ബാധിക്കപ്പെടുക.
ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ കണക്കില്‍ ഉരുളക്കിഴങ്ങ് ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന അറുപത് മേഖലകള്‍ ഉണ്ട്. അതില്‍ 25 ഇടത്തും മാര്‍ച്ച് 20 ന് ഉരുളക്കിഴങ്ങ് വില അമ്പത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചാണ് ഈ കണക്ക്. ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, കര്‍ണാടകം, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയ മേഖലകളിലാണ് വലിയ വിലയിടിവ്. മൊത്തവില്‍പനയിലും വലിയ വിലയിടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി കണക്കെടുത്താല്‍ ഏറ്റവും കുറവാണ് യുപിയിലെ സാംഭലിലും ഗുജറാത്തിലെ ദീശയിലും രേഖപ്പെടുത്തിയിരിക്കുന്നത്. കിലോഗ്രാമിന് ആറ് രൂപ മാത്രം.
ഒരു വര്‍ഷം മുമ്പത്തെ ഉരുളക്കിഴങ്ങ് വില കൂടി പരിശോധിക്കാം. ഉത്തര്‍ പ്രദേശിലെ ചില ജില്ലകളില്‍ മാത്രം അത് ഏറ്റവും കുറഞ്ഞത് എട്ട് മുതല്‍ ഒമ്പത് രൂപ വരെ ആയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് പത്ത് രൂപയ്ക്ക് മുകളില്‍ ആയിരുന്നു. മൊത്തവ്യാപാര മണ്ഡികളില്‍ 23 രൂപ വരെ എത്തിയിരുന്നു.
ഇതുവരെ വിശദീകരിച്ചത് മൊത്ത വ്യാപാര വിലയെ കുറിച്ചാണ്. ചില്ലറ വില്‍പന മേഖലയിലേക്ക് വന്നാലും വലിയ ഇടിവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. 2020 മാര്‍ച്ച് 20 ന് കിലോഗ്രാമിന് 20 രൂപ ആയിരുന്നു വില. എന്നാല്‍ 2021 മാര്‍ച്ച് 20 എത്തിയപ്പോള്‍ ഇത് കിലോഗ്രാമിന് 10 രൂപയായി ഇടിഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. (ഇത് പലയിടത്തും വ്യത്യസ്തമാണ്)
ശീതകാലത്ത് നടക്കുന്ന കൃഷിയാണ് ഉരുളക്കിഴങ്ങ്. മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളിലാണ് ഇതിന്റെ വിളവെടുപ്പ് നടക്കുക. ഇതിന്റെ എഴുപത് ശതമാനത്തോളം സംഭരണ കേന്ദ്രങ്ങളിലേക്കാണ് പോവുക. ഇങ്ങനെ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നവയാണ് പിന്നീടുള്ള മാസങ്ങളില്‍ വിതരണത്തിനെത്തുക.