
മുംബൈ: അസമത്വം പരിഹരിക്കാന്‍ ന്യായമായ വേതനം ലഭിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് രാജ്യം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ എന്‍ആര്‍ നാരായണ കൃഷ്ണമൂര്‍ത്തി. പ്രതിശീര്‍ഷ വരുമാനം കുറവുള്ള കാര്‍ഷിക മേഖലയില്‍ നിന്നും ആളുകളെ വരുമാനം താരതമ്യേന മെച്ചപ്പെട്ട ടെക്‌നോളജി കുറഞ്ഞ നിര്‍മാണ,സേവന മേഖലകളിലേക്ക് മാറ്റുന്നത് മികച്ച തീരുമാനമായിരിക്കുമെന്നും അദേഹം പറഞ്ഞു. ഇന്ത്യയെ പോലുള്ള രാജ്യത്ത് അസമത്വം കുറയ്ക്കാന്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് വഴി. എന്നാല്‍ ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കാനും കഴിയണമെന്നും ഐഐടി ബോംബെ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റില്‍ അദേഹം പറഞ്ഞു.
ഇന്ത്യയില്‍ 58% അഥവാ 650 ദശലക്ഷം ആളുകള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ജിഡിപിയിലേക്ക് ഈ മേഖലയുടെ സംഭാവന 14% മാത്രമാണ് ഉള്ളത്. ഇന്ത്യക്കാരന്റെ പ്രതിശീര്‍ഷ വരുമാനം 2000 ഡോളര്‍ ആണെങ്കില്‍ ഇന്ത്യയില്‍ കൃഷിക്കാരന്റെ ശരാശരി വരുമാനം അഞ്ഞൂറ് ഡോളര്‍ ആയിരിക്കും. ഈ വരുമാനം പ്രതിദിനം 1.5 ഡോളര്‍ അഥവാ നൂറ് രൂപയാണ് . ഈ ചുരുങ്ങിയ തുകയിലൂടെ വേണം അവരുടെ ഭക്ഷണം,ആരോഗ്യം,വിദ്യാഭ്യാസം ,വീട്ടുവാടക എന്നീ കാര്യങ്ങള്‍ നിറവേറ്റാന്‍. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ദാരിദ്ര്യത്തിന്റെ തോത് വളരെ കൂടുതല്‍ ആണെന്നും അദേഹം അഭിപ്രായപ്പെട്ടു.