
ന്യൂഡല്‍ഹി: ജൂണ്‍ മാസത്തിലും രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. പത്ത് ശതമാനമാണ് വര്‍ധന. 115.39 ബില്യണ്‍ യൂണിറ്റാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ മാസത്തില്‍ ഉണ്ടായ ഉപഭോഗം. എന്നാലിപ്പോഴും ഇത് കൊവിഡിന് മുന്‍പത്തേക്കാള്‍ താഴെയാണെന്നത് നേരിയ നിരാശ ഉയര്‍ത്തുന്നുണ്ട്.
2020 ജൂണ്‍ മാസത്തില്‍ 105.08 ബില്യണ്‍ യൂണിറ്റായിരുന്നു ഊര്‍ജ ഉപഭോഗം. കൊവിഡിന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങളിലുണ്ടായ കുറവാണ് ഉപഭോഗം കുറയാന്‍ കാരണമായിരുന്നത്. 2019 ജൂണ്‍ മാസത്തില്‍ 117.98 ബില്യണ്‍ യൂണിറ്റായിരുന്നു ഉപഭോഗം.
എന്നാല്‍ മെയ് മാസത്തെ അപേക്ഷിച്ച് ജൂണ്‍ മാസത്തില്‍ 4.7 ശതമാനം വര്‍ധനവ് ഉപഭോഗത്തില്‍ ഉണ്ടായത് സാമ്പത്തിക മേഖല തിരിച്ചുവരുന്നതിന്റെ സൂചനയാണ്. ജൂണ്‍ മാസത്തില്‍ മഴയിലുണ്ടായ കുറവും ഊര്‍ജ്ജ ഉപഭോഗം വര്‍ധിക്കാന്‍ കാരണമായി. മഴ ശക്തമായി പെയ്തിരുന്നെങ്കില്‍ അത് സാമ്പത്തിക മേഖലയുടെ പ്രവര്‍ത്തനത്തില്‍ തടസം സൃഷ്ടിക്കുകയും അതുവഴി ഊര്‍ജ ഉപഭോഗം കുറയുകയും ചെയ്‌തേനെ.