സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം; രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

April 28, 2022 |
|
News

                  സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം; രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. കല്‍ക്കരി ക്ഷാമം വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ എത്ര നേരത്തേയ്ക്കാണ് നിയന്ത്രണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. വിപണിയില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തില്‍ വ്യത്യാസമുണ്ടാകും. പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് നോക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പ്പാദനവും ഉപഭോഗവും തമ്മില്‍ 400 മെഗാവാട്ടിന്റെ അന്തരമുണ്ട്. ദീര്‍ഘകാല കരാറുകളില്‍ നിന്നല്ലാതെ പവര്‍എക്സ്‌ചേഞ്ചില്‍ നിന്ന് ബോര്‍ഡിന് വൈദ്യുതി കിട്ടുന്നില്ല. കല്‍ക്കരി ക്ഷാമം മൂന്നു നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ 78 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നില്ല. ബംഗാളിലെ നിലയത്തിലെ സാങ്കേതിക പ്രശ്‌നത്താല്‍ 135 മെഗാവാട്ടിന്റെ കുറവുണ്ടായി. കല്‍ക്കരി ക്ഷാമം കാരണം ഉല്‍പ്പാദകര്‍ പവര്‍എക്സ്‌ചേഞ്ചില്‍ നല്‍കുന്ന വൈദ്യുതിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

ചൂടു കാരണം ഉപഭോഗം കൂടുന്നതിനാല്‍ കേരളം പവര്‍ എക്സ്‌ചേഞ്ചിനെ കൂടുതലായി ആശ്രയിക്കുന്ന മാസം കൂടിയാണിത്. മെഷിനുകള്‍ തകരാറിലായി വൈദ്യുതി ലഭ്യത കുറയുമ്പോഴും പവര്‍ എക്സ്‌ചേഞ്ചിനെയാണ് ആശ്രയിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപഭോഗം കൂടുതലാണെങ്കിലും ഉല്‍പ്പാദകരുമായി നേരത്തെ കരാര്‍ വയ്ക്കാറില്ല. വേനല്‍ മഴ ലഭിക്കുന്നതിനാല്‍ ചില ദിവസങ്ങളില്‍ ഉപഭോഗം കുറയും. അപ്പോള്‍ വൈദ്യുതി മിച്ചമാകുന്നത് തടയാനാണ് മുന്‍കൂട്ടിയുള്ള കരാര്‍ ഒഴിവാക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ മറ്റുവഴികള്‍ നോക്കുന്നുണ്ട്. ഉല്‍പ്പാദകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാനും ആലോചിക്കുന്നുണ്ട്.

അതേസമയം രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെര്‍മല്‍ പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ സ്റ്റോക്കും കുറഞ്ഞു. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ കടുത്ത വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയത്.

കൂടുതല്‍ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങള്‍. താപ വൈദ്യുത നിലയങ്ങളിലുള്ള പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. കല്‍ക്കരിയുടെ ലഭ്യതക്കുറവും, വിലവര്‍ധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആഴ്ച ആവശ്യമായിരുന്ന വൈദ്യതിയുടെ 12 ശതമാനത്തോളം കുറവ് മാത്രമേ ഉത്പാദിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളു. ദേശീയ പവര്‍ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളേയും പ്രതിസന്ധി ബാധിക്കും. കല്‍ക്കരി കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കുടിശിക തീര്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നില്ല.

Related Articles

© 2025 Financial Views. All Rights Reserved