തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

March 23, 2022 |
|
News

                  തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.35 രൂപയും ഡീസലിന് 95.38 രൂപയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 106.06 രൂപയും ഡീസലിന് 93.14 രൂപയുമായി.  രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് 1.78 രൂപയും ഡീസലിന് കൂടിയത് 1.69 രൂപയുമാണ്.

ഇന്നലെ രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്. 137 ദിവസത്തിന് ശേഷം ഇന്നലെയാണ് ആദ്യമായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചത്.

2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

Read more topics: # Oil Price, # Petrol, diesel,

Related Articles

© 2025 Financial Views. All Rights Reserved