പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഡിസംബറിന് മുമ്പ് അംഗീകാരത്തിനായി സമര്‍പ്പിക്കണം

January 29, 2022 |
|
News

                  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഡിസംബറിന് മുമ്പ് അംഗീകാരത്തിനായി സമര്‍പ്പിക്കണം

പൊതുമേഖലാ സ്ഥാപനങ്ങളിലും വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഡിസംബര്‍ മാസത്തിന് മുന്‍പായി വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടണമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിര്‍ദേശിച്ചു. വ്യവസായ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥയും അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്.

സമയബന്ധിതമായി ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടര്‍മാര്‍ക്കും ധനകാര്യ വിഭാഗം മേധാവിക്കും 2022 ഏപ്രില്‍ മാസം മുതല്‍ ശമ്പളം തടഞ്ഞുവെക്കും. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്ഷം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

3 വര്‍ഷത്തിലധികം ഓഡിറ്റ് റിപ്പോര്‍ട്ട് കുടിശ്ശിക വരുത്തിയ 11 സ്ഥാപനങ്ങളെ പ്രത്യേകമായി അവലോകനം ചെയ്ത് കുടിശ്ശിക തീര്‍പ്പാക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് കൃത്യമായ രീതിയിലുള്ള ഓഡിറ്റിങ്ങ് ആവശ്യമാണെന്നും ഇക്കാര്യത്തില്‍ സ്ഥാപന മേധാവികള്‍ വരുത്തുന്ന അലംഭാവം ഗൗരവമായി വീക്ഷിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരുടെ നിസ്സഹകരണം കാരണം ഓഡിറ്റ് മുടങ്ങുന്ന സ്ഥാപനങ്ങളുടെ വിഷയം അക്കൗണ്ടന്റ് ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റ് സമയബന്ധിതമായി വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം തേടുന്നുണ്ടെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍മാര്‍ ഉറപ്പ് വരുത്തണം.

ഓരോ പൊതുമേഖലാ സ്ഥാപനത്തിലേക്കും എല്ലാ മാസവും ഉണ്ടാകുന്ന വരവുചിലവ് കണക്കുകള്‍ മാസാവസാനം തന്നെ തയ്യാറാക്കി മാനേജിംഗ് ഡയറക്ടറും ധനകാര്യ വകുപ്പ് വിഭാഗം മേധാവികളും അംഗീകരിക്കണം. വര്‍ഷാവസാനം വാര്‍ഷിക പ്രൊവിഷണല്‍ അക്കൗണ്ട് തയ്യാറാക്കുന്ന സംവിധാനം നടപ്പില്‍ വരുത്തണമെന്നും യോഗം തീരുമാനിച്ചു.

Read more topics: # ഓഡിറ്റ്, # Audit,

Related Articles

© 2025 Financial Views. All Rights Reserved