
രാജ്യത്ത് തേയില വില റെക്കോര്‍ഡില്‍. തേയിലയുടെ വില കിലോഗ്രാമിന് 213 രൂപ എന്ന റെക്കോഡിലാണ് എത്തിയിരിക്കുന്നത്. ഒരു കിലോഗ്രാമിന് 196.22 രൂപയാണ് ശരാശരി തേയില വില. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഒരു കിലോഗ്രാമിന് 78.48 രൂപ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് തേയിലെ വില 66.66 ശതമാനം ഉയര്‍ന്നു. ജൂലൈ എട്ടിന് കിലോയ്ക്ക് വെറും 117.74 ആയിരുന്നു തേയിലയുടെ വില. ജിഎസ്ടി, പാക്കിംഗ് ചാര്‍ജുകള്‍, വില്‍പ്പനക്കാര്‍ക്കുള്ള ലാഭം എന്നിവ കണക്കിലെടുക്കുകയാണെങ്കില്‍, ചില്ലറ വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിവരം.
ഉത്തരേന്ത്യയില്‍ തേയിലയുടെ ഉല്‍പാദനം കുത്തനെ കുറഞ്ഞു. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ തേയില നുള്ളലിന് തടസ്സമായി. അസമിലെ വെള്ളപ്പൊക്കവും ഉത്തരേന്ത്യയിലെ തേയിലയുടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. അസം തേയിലയുടെ വില കിലോഗ്രാമിന് 300 രൂപ - 450 രൂപയായി ഉയര്‍ന്നു. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള തേയിലയുടെ ആവശ്യം വര്‍ദ്ധിച്ചത് വിലക്കയറ്റത്തിന് കാരണമായി.
കൊച്ചിയില്‍ ചൊവ്വാഴ്ച ലേലത്തിന് കൊണ്ടുവന്ന 3.39 ലക്ഷം കിലോഗ്രാം തേയിലയില്‍ 3.34 ലക്ഷം കിലോഗ്രാം വിറ്റു. ഓണം കാരണം കഴിഞ്ഞ ആഴ്ച ലേലം നടന്നില്ല. അതിനുമുമ്പ് 3.94 ലക്ഷം കിലോഗ്രാം തേയിലയില്‍ 3.89 ലക്ഷം കിലോഗ്രാം ലേലത്തില്‍ വിറ്റിരുന്നു. നിലവിലെ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍, വില ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. വില വര്‍ദ്ധിച്ചതോടെ കേരളത്തില്‍ നിന്നുള്ള വ്യാപാരികള്‍ ലേലത്തില്‍ സജീവമല്ല.
ഇടക്കാലത്ത് തേയിലയുടെ വില കുറവ് കാരണം നിരവധി കര്‍ഷകര്‍ തേയിലച്ചെടി പറിച്ചു മാറ്റി പകരം കാപ്പിയും മറ്റ് കൃഷികളും നടത്തിയിരുന്നു. തേയിലയ്ക്ക് വില കൂടിയതോടെ ചായ പൊടിക്കും വില കൂടും. വിലവര്‍ധന വന്നതോടെ കര്‍ഷകര്‍ തേയിലത്തോട്ടങ്ങള്‍ പരിചരിക്കാനും, അടിക്കാടുകള്‍ വെട്ടി, വളം ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. വില ഉയരുന്നത് തുടര്‍ന്നാല്‍ കാര്‍ഷികരംഗം മെച്ചപ്പെടും എന്നാണ് വിലയിരുത്തല്‍.