
ന്യൂഡല്‍ഹി: 2021ന്റെ ആദ്യ പാദത്തില്‍ ടിവികള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യത. ടെലിവിഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. കൊറോണ വൈറസ് വ്യാപനത്തോടെ വര്‍ക്ക് ഫ്രം ഹോം ജോലികള്‍ വര്‍ധിച്ചത് വ്യാവസായിക മേഖലയിലെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
സംയോജിത സര്‍ക്യൂട്ടുകളുടെ വിതരണത്തില്‍ സംഭവിച്ച കുറവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം അടിസ്ഥാനപരമായി എല്‍സിഡി പാനലായ ഓപ്പണ്‍ സെല്‍ ഡിസ്‌പ്ലേയുടെ വില ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത് ഒടുവില്‍ ഉപയോക്താക്കളുടെ ചെലവ് വര്‍ധിക്കുന്നതിന് കാരണമായെന്നാണ് വ്യവസായ പങ്കാളികളെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് ടിവിയുടെ വില വര്‍ധിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന്.
32 ഇഞ്ച് ടിവി പാനലുകളുടെ വില ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 33-35 ഡോളറില്‍ നിന്ന് 60-65 ഡോളറായി ഉയര്‍ന്നതായി ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) അസോസിയേറ്റ് റിസര്‍ച്ച് മാനേജര്‍ ജയ്പാല്‍ സിംഗ് ചൂണ്ടിക്കാണിക്കുന്നു. വിലക്കയറ്റം ഉണ്ടായിരുന്നിട്ടും വെണ്ടര്‍മാര്‍ക്ക് കൃത്യസമയത്ത് സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് മാത്രമല്ല വ്യവസായിക രംഗത്ത് മികച്ച പ്രതികരണങ്ങള്‍ സംഭവിക്കുന്നില്ല.
വിപണി സാഹചര്യങ്ങള്‍ കാരണം വില 20-30 ശതമാനം വരെ ഉയരുമെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ സിഇഒയും ഡെയ്വയുടെ സ്ഥാപകനുമായ അര്‍ജുന്‍ ബജാജ് ചൂണ്ടിക്കാണിക്കുന്നു. സിയോമി, സാംസംഗ്, വണ്‍പ്ലസ് എന്നീ കമ്പനികള്‍ ടിവിയുടെ 15 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്.
ടെലിവിഷന്‍ നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന ഓപ്പണ്‍ സെല്‍ പാനലുകളുടെ വില പോലുള്ള ചെലവുകള്‍ ടിവി വിലയുടെ മൊത്തത്തിലുള്ള വര്‍ധനവിന് കാരണമായെന്നും ഇത് ഇന്ത്യയില്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാണത്തില്‍ പുതിയ വഴികള്‍ തുറക്കുന്നതിന് കാരണമാകുമെന്നും ഷവോമി ടിവി ബിസിനസ് മേധാവി ഈശ്വര്‍ നിലകണ്ഠന്‍ പറഞ്ഞു.
യുഎസ്-ചൈന, ചൈന-ഇന്ത്യ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഫലമാണ് ടിവികളുടെ ചെലവ് വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം പറയുന്നു. യുഎസ് മിക്ക ഐസികളെയും (ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍) നിയന്ത്രിക്കുന്നു, മാത്രമല്ല അവ എല്ലാത്തരം പ്രശ്നങ്ങളും ഉണ്ടാക്കുന്നു. മിക്ക ഓപ്പണ്‍ സെല്‍ പാനല്‍ നിര്‍മ്മാണവും നിയന്ത്രിക്കുന്നത് ചൈനയാണ്. അവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു '. ചരക്ക് കൂലി, ചെമ്പ്, അലുമിനിയം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയും വര്‍ദ്ധനവിന് കാരണമായതായി വിജയ് സെയില്‍സ് ഡയറക്ടര്‍ നിലേഷ് ഗുപ്ത പറഞ്ഞു.