
ലണ്ടന്‍: ബ്രിട്ടന്റെയും ബ്രെക്സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയത്തിലേക്ക്. ആദ്യഫല സൂചനകള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് അനുകൂലമായി തുടരുകയാണ്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് നിരവധി സിറ്റിങ് സീറ്റുകളാണ് ഇതോടെ നഷ്ടമായത്. ബോറിസ് ജോണ്‍സണ്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതും. വന്‍ ഭൂരിപക്ഷമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബോറിസ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് പോകുമെന്നതിനാണ് വഴിയൊരുങ്ങുന്നത്.
ലേബര്‍ പാര്‍ട്ടിക്ക് പല സിറ്റിങ് സീറ്റുകളും ഈ തിരഞ്ഞെടുപ്പില്‍ നഷ്ടമായി. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ലേബറിന്റെ പല ശക്തി കേന്ദ്രങ്ങളിലും കണ്‍സര്‍വേറ്റീവ് എംപിമാര്‍ എത്തുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. 357 സീറ്റുകള്‍ കണ്‍സര്‍വേറ്റീവുകള്‍ക്കു ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലസൂചന. 2017 തിരഞ്ഞെടുപ്പിനേക്കാള്‍ 39 എണ്ണം അധികം ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്താമാക്കുന്നത്.
650 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. ബ്രെക്‌സിറ്റ് സൃഷ്ടിച്ച അനിശ്ചിതത്വം മൂലം നാലു വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. ബ്രെക്‌സിറ്റ് നടപ്പാക്കും എന്നതായിരുന്നു ബോറിസ് ജോണ്‍സന്റെ മുഖ്യവാഗ്ദാനം. മറ്റൊരു ജനഹിതപരിശോധനയാണ് ലേബര്‍ പാര്‍ട്ടി പറഞ്ഞിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ബോറിസിന് അനുകൂലമായതോടെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
2016-ല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാന്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം നടക്കുന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ജയിച്ചാല്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്ത മാസം 31 നകം ബ്രക്സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബ്രക്സിറ്റില്‍ ഒരു പുനഃ പരിശോധന നടത്തുമെന്നാണ് ലേബര്‍ പാര്‍ട്ടി പറയുന്നത്. ഒക്ടോബര്‍ 31-ന് ബ്രക്സിറ്റ് നടപ്പാക്കാനുള്ള പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
2017-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം 2022-ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറുന്ന പ്രമേയം പാസാക്കനാവാതെ തെരേസ മേ രാജിവെച്ചതോടെയാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായത്.
തെരേസ മേക്കെതിരെ 2017-ല്‍ ശക്തമായ മത്സരം കാഴ്ചവെച്ച ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ ഇത്തവണ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് പൊതുവെ വിലയിരുത്തല്‍. ലിബര്‍ ഡെമോക്രാറ്റിക്, സ്‌കോട്ടിഷ് നാഷണല്‍, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് തുടങ്ങിയ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്.