
ന്യൂഡല്‍ഹി: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ 12 വലിയ തുറമുഖങ്ങളുടെ ഭരണസംവിധാനം മാറ്റാനും പ്രവര്‍ത്തനത്തില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുമുള്ള ബില്‍ രാജ്യസഭ പാസാക്കി. തുറമുഖങ്ങളുടെ സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യമെന്നാരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. ലോക്‌സഭ കഴിഞ്ഞ സെപ്റ്റംബറില്‍ ഈ ബില്‍ പാസാക്കിയിരുന്നു.
1963ലെ മേജര്‍ പോര്‍ട്ട് ട്രസ്റ്റ്‌സ് നിയമത്തിനു പകരമാണ് മേജര്‍ പോര്‍ട്ട് അതോറിറ്റീസ് ബില്‍. ഇനി പോര്‍ട്ട് ട്രസ്റ്റിനു പകരം, മേജര്‍ പോര്‍ട്ട് അതോറിറ്റി ബോര്‍ഡ് നിലവില്‍ വരും. ബോര്‍ഡ് അധ്യക്ഷനെയും ഉപാധ്യക്ഷനെയും കേന്ദ്രം നിയമിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും റെയില്‍വെ, പ്രതിരോധ മന്ത്രാലയങ്ങളുടെയും കസ്റ്റംസ് വകുപ്പിന്റെയും ഓരോ പ്രതിനിധി, തൊഴിലാളികളുടെ 2 പ്രതിനിധികള്‍, പരമാവധി 4 സ്വതന്ത്ര അംഗങ്ങള്‍ എന്നിവരായിരിക്കും ബോര്‍ഡ് അംഗങ്ങള്‍.
വികസനാവശ്യത്തിന് ആസ്തികളും ഫണ്ടും ഉപയോഗിക്കാനും ആവശ്യമായ ചട്ടങ്ങളുണ്ടാക്കാനും തുറമുഖ സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നിരക്കുകള്‍ നിശ്ചയിക്കാനും ബോര്‍ഡിന് അധികാരമുണ്ടാകും. മൂലധനത്തിനും പ്രവര്‍ത്തനച്ചെലവിനും ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വിദേശത്ത് നിന്നും വായ്പയെടുക്കാം. കരുതല്‍ ധനത്തിന്റെ 50 ശതമാനത്തില്‍ കൂടുതലാണ് വായ്പയെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പദ്ധതികളില്‍നിന്നുള്ള വരുമാന അനുപാതം സംബന്ധിച്ചുള്‍പ്പെടെ സ്വകാര്യ പങ്കാളിയുമായി ബോര്‍ഡ് കരാറുണ്ടാക്കും.