തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യവല്‍ക്കരണ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; ഖനന-ഉത്പാദന-സേവന വിഭാഗങ്ങളിലായി 18 മേഖലകള്‍

August 13, 2020 |
|
News

                  തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യവല്‍ക്കരണ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; ഖനന-ഉത്പാദന-സേവന വിഭാഗങ്ങളിലായി 18 മേഖലകള്‍

മുംബൈ: ആണവോര്‍ജം, പ്രതിരോധം, അസംസ്‌കൃത എണ്ണ, കല്‍ക്കരി ഉള്‍പ്പെടെ സ്വകാര്യമേഖലയ്ക്കായി രാജ്യം തുറന്നുനല്‍കുന്നത് 18 തന്ത്രപ്രധാന മേഖലകള്‍. ഖനനം, ഉത്പാദനം, സേവനം എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് 18 മേഖലകളെ സര്‍ക്കാര്‍ ഇതിനായി തരംതിരിച്ചിരിക്കുന്നത്. കല്‍ക്കരി, അസംസ്‌കൃത എണ്ണ, വാതകം, ധാതുക്കള്‍ തുടങ്ങിയവ ഖനന വിഭാഗത്തിലാണ് വരുന്നത്. ഉത്പാദനവിഭാഗത്തില്‍ ഉരുക്ക്, വളം, ആണവോര്‍ജം, പെട്രോളിയം സംസ്‌കരണവും വിപണനവും, പ്രതിരോധം, കപ്പല്‍ നിര്‍മാണം, ഊര്‍ജോത്പാദനം എന്നിവ ഉള്‍പ്പെടുന്നു. സുപ്രധാനമേഖലകളെന്ന നിലയില്‍ ഈമേഖലകളില്‍ പൊതുമേഖല പങ്കാളിത്തം നിലനിര്‍ത്തും.

ഇവയുള്‍പ്പെടെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളെല്ലാം സ്വകാര്യവത്കരിക്കുന്നതിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിനായി പാര്‍ലമെന്റില്‍ നിയമം പാസാക്കേണ്ടിവരും. ഊര്‍ജവിതരണം, വാതകവിതരണം, ബഹിരാകാശം, ടെലികോം, വിവര സാങ്കേതികമേഖല, പശ്ചാത്തലസൗകര്യ വികസനമേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് കമ്പനികള്‍, വിമാനത്താവള- തുറമുഖ-ദേശീയപാതാ വികസനം തുടങ്ങിയവയും തന്ത്രപ്രധാന മേഖലകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണ ഏജന്‍സികള്‍, ട്രസ്റ്റുകള്‍, ലാഭംനോക്കാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്ഥാപനങ്ങള്‍, പാര്‍ലമെന്റിന്റെ നിയമപ്രകാരം രൂപവത്കരിച്ചിട്ടുള്ള കമ്പനികള്‍ എന്നിവ ഒഴികെ എല്ലാം സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. റെയില്‍വേ, തുറമുഖങ്ങള്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെങ്കിലും ഇപ്പോള്‍ സ്വകാര്യവത്കരണത്തിനായി പരിഗണിക്കുന്നില്ല. പ്രാഥമിക പട്ടികയനുസരിച്ച് വിവിധ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

പട്ടികസംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടായേക്കും. പുതിയ പൊതുമേഖല സംരംഭ നയപ്രകാരം വന്‍തോതിലുള്ള സ്വകാര്യവത്കരണം നടപ്പാക്കുമെന്ന് കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട് മേയ് മാസത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് തന്ത്രപ്രധാന മേഖലകളേതെല്ലാമെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

തന്ത്രപ്രധാനമേഖലകളായി വരുന്നവയില്‍ ചുരുങ്ങിയത് ഒരു പൊതുമേഖലാകമ്പനിയെ എങ്കിലും നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ ലയിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യും. നടപ്പുസാമ്പത്തികവര്‍ഷം 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നടക്കുമോ എന്നതില്‍ സംശയമുയര്‍ന്നിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved