
ന്യൂഡല്‍ഹി: വ്യോമയാന മേഖലയിലും പുതിയ പരിഷ്‌കാരങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണിയില്‍ പണം ലാഭിക്കുന്നതിനായി പ്രതിരോധ, സിവില്‍ എംആര്‍ഒകളുടെ സംയോജന ഹബ്ബ് രാജ്യത്ത് ആരംഭിക്കുമെന്നും 800 കോടി മുതല്‍ 2,000 കോടി രൂപ വരെ ആനുകൂല്യങ്ങള്‍ ഇതുവഴി വ്യോമയാന മേഖലയ്ക്ക് ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 12 വിമാനത്താവളങ്ങളില്‍ 13,000 കോടിയുടെ സ്വകാര്യ നിക്ഷേപം നടത്തും.
വ്യോമപാതയുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കും. കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രഭരണ പ്രദേശങ്ങളിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഉപഭോക്തൃ അവകാശങ്ങള്‍, വ്യവസായത്തിലെ ഉന്നമനം, മേഖലയുടെ സുസ്ഥിരത എന്നിവയടക്കം പരിഷ്‌കാരങ്ങളുള്ള ഒരു താരിഫ് നയം പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
8,100 കോടി രൂപയുടെ നവീകരിച്ച എബിലിറ്റി ഗ്യാപ് ഫണ്ടിംഗ് പദ്ധതിയിലൂടെ സാമൂഹിക അടിസ്ഥാന സൌകര്യ പദ്ധതികളില്‍ സ്വകാര്യമേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും കേന്ദ്രവും സംസ്ഥാനവും മൊത്തം പദ്ധതിച്ചെലവിന്റെ 30 ശതമാനം വരെ സര്‍ക്കാര്‍ എബിലിറ്റി ഗ്യാപ് ഫണ്ടിംഗിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മേഖലയിലെ സ്വകാര്യ വിദേശ നിക്ഷേപം 74 ശതമാനമാക്കി ഉയത്തുമെന്നും സീതാരാമന്‍ പറഞ്ഞു. വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നാണ് 74 ശതമാനമായി ഉയര്‍ത്തുന്നത്. ആയുധ നിര്‍മ്മാണ ശാലകള്‍ കോര്‍പ്പറേറ്റ്വത്ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.