
ന്യൂഡല്‍ഹി: തൊഴില്‍ മേഖലകളില്‍ തൊഴിലാളികളുടെ പ്രതിമാസ പ്രോവിഡന്റ് ഫണ്ട് വിഹിതം കുറയ്ക്കുന്നതടക്കമുള്ള വ്യവസ്ഥകളുള്ള സാമൂഹിക സുരക്ഷാ കോഡ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മാസം കൈയില്‍ കിട്ടുന്ന ശമ്പളത്തിന്റെ തോത് ഉയരുമെങ്കിലും ,വിരമിക്കല്‍ സമയത്ത് ലഭിക്കുന്ന ആനുകൂല്യത്തില്‍ കാര്യമായ കുറവ് വരുത്തുന്നതാണ് വ്യവസ്ഥയില്‍ .തൊഴിലാളി സംഘടനകള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.
പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള പ്രതിമാസ വിഹിതം 12 ശതമാനത്തില്‍നിന്ന് ഒമ്പതായി കുറയ്ക്കാനാണ് നിര്‍ദ്ദേശം. നിലവിലെ പി.എഫ്.പെന്‍ഷന്‍ പദ്ധതി അതുപോലെ നിലനിര്‍ത്തും. പി.എഫ്.പെന്‍ഷനില്‍നിന്ന് ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് (എന്‍.പി.എസ്.) വേണമെങ്കില്‍ മാറാമെന്ന നിര്‍ദ്ദേശവും പിന്‍വലിച്ചു. പുതിയ ഇ.എസ്ഐ.യിലേക്കുള്ള തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം എത്രയായിരിക്കണമെന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.
ബുധനാഴ്ച തൊഴില്‍മന്ത്രി സന്തോഷ് ഗംഗവാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച സാമൂഹിക സുരക്ഷാ കോഡിലാണ് ഈ വ്യവസ്ഥകളുള്ളത്. ഒമ്പതു നിയമങ്ങള്‍ ഏകീകരിച്ചുള്ള കോഡ് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം അടുത്ത സമ്മേളനത്തില്‍ പാസാക്കും. ബി.എം.എസ്. അടക്കമുള്ള ട്രേഡു യൂണിയനുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഇ.പി.എഫില്‍നിന്ന് എന്‍.പി.എസിലേക്ക് മാറാനുള്ള കരടിലെ നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിച്ചത്.
പുതുതായി ഉണ്ടാക്കുന്ന പ്രോവിഡന്റ് ഫണ്ടില്‍ തൊഴിലാളിയും തൊഴിലുടമയും പത്തുശതമാനമാണ് വിഹിതം അടയ്ക്കേണ്ടത്. തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും. ഇപ്പോള്‍ തൊഴിലുടമയും തൊഴിലാളിയും 12 ശതമാനമാണ് പി.എഫിലേക്ക് വിഹിതമടയ്ക്കുന്നത്. തൊഴിലാളിക്ക് വേണമെങ്കില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ വിഹിതമടയ്ക്കാം. എന്നാല്‍, തൊഴിലുടമ പത്തുശതമാനംമാത്രം അടച്ചാല്‍ മതി. പി.എഫുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് പദ്ധതി തുടരും. അതിലേക്ക് തൊഴിലുടമ ഒരുശതമാനം വിഹിതമടയ്ക്കണം. നൂറിലധികം ജീവനക്കാരുള്ള തൊഴിലുടമയ്ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ പി.എഫ്. അക്കൗണ്ട് സ്വന്തമായി കൈകാര്യംചെയ്യാം.
പി.എഫ്.പെന്‍ഷന്‍കാര്‍ക്ക് എന്‍.പി.എസിലേക്ക് മാറാന്‍ 'ഓപ്ഷന്‍' നല്‍കാമെന്നും അങ്ങനെ മാറുമ്പോള്‍ പഴയ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പുറത്താകുമെന്നും കരടില്‍ നിര്‍ദ്ദേശിച്ചിരുന്നു. അതാണ് ഇപ്പോള്‍ ഒഴിവാക്കിയത്. പുതിയ പ്രോവിഡന്റ് ഫണ്ടും പുതിയ പെന്‍ഷന്‍ ഫണ്ടും നിലവില്‍വരും. എന്നാല്‍, പഴയതിനെക്കാളും കുറഞ്ഞ നിക്ഷേപമേ രണ്ടിലും ഉണ്ടാകൂ. വിഹിതം പത്തുശതമാനമായി കുറയുമ്പോള്‍തന്നെ നിക്ഷേപം കുറയും. പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാരിന്റെ വിഹിതം ഉണ്ടാവുമെന്ന് കോഡില്‍ പറയുന്നുണ്ടെങ്കിലും അത് എത്രയായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല.
നിലവിലെ പി.എഫ്.ട്രസ്റ്റിന്റെ ഘടനമാറും. പുതിയ ട്രസ്റ്റില്‍ സര്‍ക്കാര്‍ പ്രതിനിധി അധ്യക്ഷനാവും. കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചും സംസ്ഥാനങ്ങളുടെ പതിനഞ്ചും തൊഴിലുടമകളുടെ പതിനഞ്ചും പ്രതിനിധികളുണ്ടാവും. തൊഴിലാളികളുടെ പ്രതിനിധികളായി പത്തുപേരേ ഉണ്ടാവൂ. ഇ.എസ്ഐ. ചികിത്സാ ആനുകൂല്യവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സിവില്‍ കോടതിയുടെ അധികാരമുള്ള ഇ.എസ്ഐ. കോടതി രൂപവത്കരിക്കും. അടിസ്ഥാന നിയമപ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍മാത്രമേ ഈ കോടതികളുടെ വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പറ്റൂ.
ഗ്രാറ്റ്വിറ്റി ചുരുങ്ങിയത് അഞ്ചുവര്‍ഷത്തെ സേവനം പൂര്‍ത്തിയായാല്‍ ഗ്രാറ്റ്വിറ്റി .കരാര്‍ ജീവനക്കാര്‍, നിശ്ചിതകാല തൊഴിലാളികള്‍ എന്നിവരും ഗ്രാറ്റ്വിറ്റിക്ക് അര്‍ഹരാണ്. രാജ്യത്തെ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും പെന്‍ഷന്‍. അസംഘടിത മേഖലയിലുള്ളവര്‍ക്കും ഓണ്‍ലൈന്‍ കച്ചവടസാധനങ്ങള്‍ കൊണ്ടുപോകുന്നതുപോലുള്ള ചെറുകിട ജോലികള്‍ചെയ്യുന്ന താത്കാലിക തൊഴിലാളികള്‍ക്കും (ഗിഗ് വര്‍ക്കേഴ്സ്) പ്ലാറ്റ്ഫോമുകളില്‍ പണിയെടുക്കുന്നവര്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി കോഡില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകപദ്ധതി കൊണ്ടുവരും. പ്രത്യേക സാമൂഹികസുരക്ഷാ ഫണ്ട് ഉണ്ടാക്കും.
കേന്ദ്രതലത്തിലും സംസ്ഥാനതലങ്ങളിലും രൂപവത്കരിക്കുന്ന സാമൂഹികസുരക്ഷാ ബോര്‍ഡ് ആയിരിക്കും പദ്ധതി നടപ്പാക്കുക. കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കും.