
ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷം പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ കുറയ്ക്കാന്‍ സാധ്യത. നിലവില്‍ 8.65% ഇപിഎഫ് പലിശനിരക്ക്. അത് 0.25 %വരെ കുറയ്ക്കാനാണ് ആലോചന. അങ്ങിനെയെങ്കില്‍ പലിശ 8.35% -8.40 % ആയി നിജപ്പെടുത്തും. തീരുമാനം ഈ മാസാവസാനമായിരിക്കും പ്രഖ്യാപിക്കുക. സാമ്പത്തികമാന്ദ്യവും ഓഹരി വിപണിയിലുണ്ടായ ഇടിവും കാരണം 2018-19 ലേത് പോലെ ഇക്കൊല്ലം 8.65 ശതമാനം പലിശ നല്‍കാനാവില്ലെന്നാണ് ഈ മേഖലയിലെ സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.
പലിശനിരക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ധമന്ത്രാലയമാണ്. എന്നിരുന്നാലും പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റ് യോഗം അത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കേണ്ടതുണ്ട്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന വര്‍ഷാണെങ്കിലും 8.65% തന്നെ ഇക്കുറിയും നല്‍കാന്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സിബിടി അംഗം അറിയിച്ചു. സിബിടി യോഗം ഉടനെ ചേരുന്നുണ്ട്. കഴിഞ്ഞ കൊല്ലം 8.65% പലിശ നല്‍കാന്‍ സിബിടിയും തുടര്‍ന്ന് തൊഴില്‍മന്ത്രാലയവും നല്‍കിയ ശുപാര്‍ശ ഏഴ് മാസം കഴിഞ്ഞാണ് ധനമന്ത്രാലയം അംഗീകരിച്ചത്.