
കോവിഡ് രണ്ടാം തരംഗത്തില്‍ ആശ്വാസമായി വിവിധ വായ്പാ പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. കോവിഡ് ചികിത്സയ്ക്കായി 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വ്യക്തിഗത വായ്പയായി അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശമ്പളക്കാര്‍ക്കും ശമ്പളക്കാരല്ലാത്തവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ നല്‍കാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ രാജ് കിരണ്‍ റായ് അറിയിച്ചു. ഇതോടൊപ്പം വ്യക്തികളുടെ നിലവിലുള്ള വായ്പകള്‍ പുനക്രമീകരിച്ചു നല്‍കാന്‍ ഏകീകൃതമായ പ്രക്രിയകളും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും.
ഇവ കൂടാതെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച അടിയന്തര വായ്പാപദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയതായും ഐബിഎ വ്യക്തമാക്കി. കോവിഡ് വായ്പയില്‍ പണലഭ്യതയനുസരിച്ച് ഓരോ ബാങ്കിലും പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകും. എസ്ബിഐയില്‍ 8.5 ശതമാനമായിരിക്കും പലിശ നിരക്കെന്ന് ചെയര്‍മാന്‍ ദിനേശ് ഖാര അറിയിച്ചു. അഞ്ചുവര്‍ഷമാണ് വായ്പാ കാലാവധി. കോവിഡ് വായ്പകള്‍ക്ക് മുന്‍ഗണനാ വായ്പകളുടെ പരിഗണന ലഭിക്കുമെന്ന് ഐബിഎ ചെയര്‍മാന്‍ രാജ് കിരണ്‍ റായ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.