
പിഎസ്സി മാതൃകയില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് വരുന്നു. ഇതിനായുള്ള ഓര്‍ഡിനന്‍സ് കരട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. താമസിയാതെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. കേരള പബ്ലിക് എന്റര്‍പ്രൈസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് എന്ന പേരിലാവും പുതിയ ബോര്‍ഡ് നിലവില്‍ വരുക. ഈ സാമ്പത്തിക വര്‍ഷത്തില്‍തന്നെ നിയമന ബോര്‍ഡ് രൂപവത്കരിക്കും.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അംഗമായുള്ള നാലംഗ സമിതിയാണ് സെലക്ഷന്‍ ബോര്‍ഡില്‍ ഉണ്ടാവുക. മാര്‍ക്കറ്റിംഗ്, ജനറല്‍ മാനേജ്മെന്റ്, ടെക്നിക്കല്‍ ആന്‍ഡ് മാനുഫാത്ചറിങ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മൂന്ന് പേരും ഭരണ രംഗത്ത് നിന്നുള്ള ഒരംഗവും ആണ് ബോര്‍ഡില്‍ ഉണ്ടാവുക. നാല് വര്‍ഷം വരെയോ 65 വയസ് തികയുന്നതുവരെയോ ആണ് അംഗങ്ങളുടെ കാലാവധി.
പിഎസ്സി വഴി നിയമനം നടത്താത്ത തസ്തികകളിലേക്കാണ് ബോര്‍ഡ് തെരഞ്ഞെടുപ്പ് നടത്തുക. പ്രധാനമായും സാങ്കേതിക തസ്തികകളിലേക്കാവും ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. നിലവില്‍ കെഎസ്ഐഡിസി, കെഎംഎംഎല്‍, കെഎസ്ഇബി, ബെവ്കോ, കെഎസ്എഫ്ഇ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ക്ലറിക്കല്‍ നിയമനങ്ങള്‍ പിഎസ്സി വഴിയാണ് നടത്തുന്നത്.
എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാവും പുതിയ ബോര്‍ഡും നിയമനങ്ങള്‍ നടത്തുക. എന്നാല്‍ അപേക്ഷകരുടെ എണ്ണം 50ല്‍ താഴെയാണെങ്കില്‍ അഭിമുഖം മാത്രമാവും നടത്തുക. നിലവില്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വയം നടത്തുന്ന നിയമനങ്ങളില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
പൊതുമേഖല സ്ഥാപനങ്ങളിലെ മാനേജീരിയല്‍ തസ്തികകളില്‍ ഇനി സ്വാഭാവിക സ്ഥാനക്കയറ്റം ഉണ്ടാവില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് നിയമിച്ച പോള്‍ ആന്റണി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ രണ്ടുമാസത്തിനകം നടപ്പാക്കിത്തുടങ്ങും. കൂടുതല്‍ സ്വയംഭരണാധികാരം ഓരോ സ്ഥാപനത്തിനും നല്‍കും. ഓരോ സ്ഥാപനത്തിനും പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ സപ്ലൈ ഓര്‍ഡര്‍ അടിസ്ഥാനമാക്കി വായ്പ കേരള ബാങ്കിലൂടെ ലഭ്യമാക്കും. ഓരോ സാമ്പത്തിക വര്‍ഷത്തിനും ശേഷം അടുത്ത ജൂണ്‍ 17നുമുമ്പ് ഓരോ പൊതുമേഖല സ്ഥാപനവും ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.