പഞ്ചാബിലെ പരുത്തി കര്‍ഷകര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍; 101 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു

March 19, 2022 |
|
News

                  പഞ്ചാബിലെ പരുത്തി കര്‍ഷകര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍;  101 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു

ഹോളി പ്രമാണിച്ച് പഞ്ചാബിലെ പരുത്തി കര്‍ഷകര്‍ക്ക് ആശ്വാസവുമായി ആം ആദ്മി സര്‍ക്കാര്‍. പിങ്ക് ബോള്‍വേം മൂലം പരുത്തിക്കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 101 കോടി രൂപ അനുവദിച്ചു. കര്‍ഷകര്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നും ഈ നഷ്ടപരിഹാരം ഏറെ നാളത്തെ കാത്തിരിപ്പാണെന്നും പാര്‍ട്ടി അറിയിച്ചു. പഞ്ചാബിലെ എഎപിയുടെ ഔദ്യോഗിക ട്വീറ്റിലാണ് നഷ്ടപരിഹാരം സംബന്ധിച്ച പ്രഖ്യാപനം പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം പിങ്ക് ബോള്‍വേമിന്റെ ആക്രമണത്തില്‍ നശിച്ച പരുത്തിക്കൃഷിക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍, ബികെയു (ഏക്ത ഉഗ്രഹന്‍) യുടെ ബാനറിന് കീഴിലുള്ള ധാരാളം കര്‍ഷകര്‍ മാന്‍സ ജില്ലാ ഭരണ സമുച്ചയത്തില്‍ പ്രതിഷേധിച്ചിരുന്നു. പിങ്ക് ബോള്‍വേം ബാധിച്ച് നശിച്ച കൃഷിക്ക് സര്‍ക്കാര്‍ 1,01,39,45,087 രൂപ നഷ്ടപരിഹാരം അനുവദിച്ചു. എല്ലാ സാഹചര്യങ്ങളിലും എല്ലാ വാഗ്ദാനങ്ങളും ഉറപ്പുകളും നിറവേറ്റുമെന്ന് എഎപി എംഎല്‍എ കുല്‍താര്‍ സിംഗ് സാന്ധവന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, മാര്‍ച്ച് 23 ന് ഷഹീദ് ദിവസില്‍ സംസ്ഥാനത്ത് അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്നും അഴിമതിക്കെതിരെ ജനങ്ങള്‍ക്ക് വാട്സ്ആപ്പ് വഴി പരാതി നല്‍കാമെന്നും പുതിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ സമാപിച്ച പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പില്‍ 92 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved