
മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം കാഴ്ചവെച്ച് പൊതുമേഖലാ ബാങ്കുകള്‍. ഇവയുടെ മൊത്തം അറ്റാദായം കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യ പാദത്തിലേക്കാള്‍ 139.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2020 -21 സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ 5,847 കോടിയില്‍നിന്ന് 14,012 കോടി രൂപയായാണ് അറ്റാദായം ഉയര്‍ന്നത്. മാര്‍ച്ചിലവസാനിച്ച സാമ്പത്തിക പാദത്തെ 9,697 കോടിയേക്കാള്‍ 44.5 ശതമാനം അധികമാണിത്. മറ്റിനങ്ങളിലുള്ള വരുമാനം ഉയര്‍ന്നതാണ് ബാങ്കുകള്‍ക്ക് ഇത്തവണ നേട്ടമായത്. കിട്ടാക്കടങ്ങള്‍ക്കുള്ള നീക്കിയിരുപ്പ് കുറയുകയും ചെയ്തു.
ബാങ്കുകളുടെ പലിശയിനത്തിലുള്ള അറ്റ വരുമാനത്തിലെ വാര്‍ഷിക വളര്‍ച്ച 5.4 ശതമാനമായി ചുരുങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വായ്പാവളര്‍ച്ച കുറഞ്ഞതാണ് കാരണം. കഴിഞ്ഞവര്‍ഷം ആദ്യപാദത്തിലെ 66,510 കോടി രൂപയില്‍നിന്ന് 70,132 കോടിയായാണ് വര്‍ധന. മറ്റു വരുമാനങ്ങളില്‍ 34.8 ശതമാനമാണ് നേട്ടം. മുന്‍വര്‍ഷം ഇതേകാലയളവിലെ 25,089 കോടിയില്‍നിന്ന് 33,828 കോടിയായാണ് മറ്റു വരുമാനം ഉയര്‍ന്നത്. മാര്‍ച്ചിലവസാനിച്ച പാദത്തിലിത് 44,225 കോടി രൂപയായിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങളില്ല. മൊത്തം നിഷ്‌ക്രിയ ആസ്തി നേരിയ തോതില്‍ കുറഞ്ഞു. ഇത് മുന്‍വര്‍ഷത്തെ 6.39 ലക്ഷം കോടി രൂപയില്‍നിന്ന് 4.2 ശതമാനം കുറഞ്ഞ് 6.12 ലക്ഷം കോടിയിലെത്തി. നിക്ഷേപങ്ങളില്‍ 6.5 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ വായ്പകളില്‍ വളര്‍ച്ച 3.1 ശതമാനം മാത്രമാണ്. വായ്പാ വളര്‍ച്ച മാര്‍ച്ചിലവസാനിച്ച പാദത്തിലേക്കാള്‍ 0.9 ശതമാനം കുറവുണ്ടായി. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ന്നുള്ള പാദങ്ങളിലും പൊതുമേഖലാ ബാങ്കുകള്‍ ലാഭം രേഖപ്പെടുത്തുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഇക്രയുടെ വിലയിരുത്തല്‍.