
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (മിയാല്‍) ഭൂരിപക്ഷം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിട്ട് അധികനാള്‍ ആയിട്ടില്ല. ഇപ്പോള്‍ അദാനി ഗ്രൂപ്പിന് 74 ശതമാനം ഓഹരികളും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 26 ശതമാനം ഓഹരികളും ആണ് മുംബൈ വിമാനത്താവളത്തില്‍ ഉള്ളത്.
ഇപ്പോള്‍ മുംബൈ വിമാനത്താവളത്തില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കാനുള്ള നീക്കത്തിലാണ് അദാനി എയര്‍പോര്‍ട്ട്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സി (ക്യുഐഎ) യുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (മിയാല്‍) ഖത്തര്‍ നിക്ഷേപക ഏജന്‍സി 750 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏതാണ്ട് 5,500 കോടി ഇന്ത്യന്‍ രൂപയോളം വരും. ചെറിയശതമാനം ഓഹരികള്‍ വിറ്റഴിച്ച് നിക്ഷേപം സമാഹരിക്കാനാണ് നീക്കം.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നേരിട്ട് നിക്ഷേപം നടത്താനാണ് ഖത്തര്‍ നിക്ഷേപക ഏജന്‍സി താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം തന്നെ മാതൃകമ്പനിയായ അദാനി എയര്‍പോര്‍ട്ടിലും അവര്‍ നിക്ഷേപം നടത്തിയേക്കും. ഖത്തര്‍ നിക്ഷേപക ഏജന്‍സി നേരത്തേയും അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അദാനി ട്രാന്‍സ്മിഷന്റെ ഭാഗമായ അദാനിയ മുംബൈ ഇലക്ട്രിസിറ്റി ലിമിറ്റഡില്‍ ആയിരുന്നു അവര്‍ നിക്ഷേപിച്ചത്. 452 ദശലക്ഷം ഡോളര്‍ (3,220 കോടി രൂപ) ആയിരുന്നു അവര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നിക്ഷേപിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. മിയാല്‍ സ്വന്തമാക്കിയതോടെ അദാനി എയര്‍പോര്‍ട്ട് രാജ്യത്തെ ഒന്നാം നിര വിമാനത്താവള കമ്പനിയായി മാറുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും അദാനിഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.