ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാനുള്ള നീക്കവുമായി ഖത്തര്‍

April 16, 2021 |
|
News

                  ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാനുള്ള നീക്കവുമായി ഖത്തര്‍

ദോഹ: ഖത്തര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നൂറ് ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഈ നീക്കത്തിലൂടെ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം ലിസ്റ്റ് ചെയ്ത ഖത്തര്‍ കമ്പനികളിലേക്ക് എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, മസ്രഫ് അല്‍ റയാന്‍, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍ അടക്കമുള്ള കമ്പനികള്‍ക്ക് പുതിയ തീരുമാനം നേട്ടമാകുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഇഎഫ്ജി-ഹേംസിനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഭൂരിഭാഗം ഖത്തര്‍ കമ്പനികളിലെയും വിദേശ ഉടമസ്ഥാവകാശ പരിധി 49 ശതമാനത്തില്‍ താഴെ മാത്രമാണ്. ഖത്തര്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ 32 ശതമാനവും ഗള്‍ഫ് വെയര്‍ഹൗസിംഗില്‍ 30 ശതമാനവും കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ഖത്തറില്‍ 21 ശതമാനവുമാണ് വിദേശ ഉടമസ്ഥാവകാശ പരിധി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഖത്തറിലെ പ്രോപ്പര്‍ട്ടികളില്‍ വിദേശികള്‍ക്കുള്ള ഉടമസ്ഥാവകാശ പരിധിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഖത്തര്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. പ്രവാസികളെയും വിദേശ നിക്ഷേപകരെയും റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഈ ഭേദഗതി അനുവദിച്ചത്.   

വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങളും സമീപകാലത്തായി വിദേശ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 2019 ജൂണില്‍ സൗദി അറേബ്യയും ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത തന്ത്രപ്രധാന നിക്ഷേപകരുടെ കമ്പനികളിലെ വിദേശ ഉമസ്ഥാവകാശ പരിധി എടുത്തുകളഞ്ഞിരുന്നു. വിദേശ ഉടമസ്ഥാവകാശ പരിധി തീരുമാനിക്കാന്‍  എമിറേറ്റുകളെ അനുവദിക്കുമെന്ന് അതേവര്‍ഷം ജൂലായില്‍ യുഎഇയും പ്രഖ്യാപിച്ചിരുന്നു.

Read more topics: # ഖത്തര്‍, # Qatar,

Related Articles

© 2024 Financial Views. All Rights Reserved