ഫിഫ ലോകകപ്പ് 2022: 20 ബില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ ഖത്തര്‍

June 21, 2021 |
|
News

                  ഫിഫ ലോകകപ്പ് 2022: 20 ബില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ ഖത്തര്‍

ദുബായ്: 2022ലെ ഫിഫ ലോകകപ്പിന് വേദിയാകുന്നത് സാമ്പത്തികമായി രാജ്യത്തിന് ഏറെ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ ഖത്തര്‍. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഏകദേശം 20 ബില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിച്ചേരുമെന്നാണ് കരുതുന്നതെന്ന് 2022 ഖത്തര്‍ ലോകകപ്പ് ഡെലിവറി, ലെഗസി കമ്മിറ്റി സെക്രട്ടറി ജനറലായ ഹസ്സന്‍ അല്‍ തവദി പറഞ്ഞു. രാജ്യത്തിന്റെ 2019ലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 11 ശതമാനം വരുമത്.   

ഉന്നതതല പഠന റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ്  അല്‍ തവദി തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ വിലയിരുത്തലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുക. കെട്ടിട നിര്‍മ്മാണ, ടൂറിസം മേഖലകള്‍ ആയിരിക്കും ലോകകപ്പ് കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കുകയെന്നും അല്‍ തവദി അഭിപ്രായപ്പെട്ടു. 

ലോകകപ്പിന് മുമ്പായി വളരെ മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ഖത്തര്‍ രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ലോകത്ത് നടക്കാന്‍ പോകുന്ന ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുക്കുന്ന കായിക പരിപാടി ആയിരിക്കും ഫിഫ ലോകകപ്പ്. ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ പുതിയ മെട്രോ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ലോകകപ്പിന് വേണ്ടി മാത്രം രൂപം നല്‍കിയ തീര്‍ത്തും പുതിയ ഒരു നഗരത്തില്‍ വിമാനത്താവളം ആരംഭിക്കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഏതാണ്ട് 300 ബില്യണ്‍ ഡോളറാണ് ഇതിനായി ഖത്തര്‍ ചിലവഴിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved