
ന്യൂഡൽഹി: കോവിഡ്-19 പശ്ചാത്തലത്തിൽ പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകൾ വളർച്ചാ മാന്ദ്യം നേരിടുമെന്ന് ആർ.ബി.ഐ മുൻ ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. ഈ വർഷം ഓരോ രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയിൽ കുറഞ്ഞത് ആറു ശതമാനം വരെ ഇടിവുണ്ടായേക്കും. ഇത് ആഗോള ജി.ഡി.പി.യിൽ രണ്ട് ലക്ഷം കോടി ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആഗോളതലത്തിൽ അഞ്ചിൽ നാല് തൊഴിലവസരങ്ങളിൽ വൈറസ് ആഘാതമുണ്ടാക്കുമെന്നും രഘുറാം രാജൻ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി ബിസിനസ് സ്ഥാപനങ്ങൾ അടക്കം അടച്ചുപൂട്ടുന്നത് സാമ്പത്തികമായി വലിയ ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1930-ലെ മഹാ മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ആഗോള സമ്പദ്‌വ്യവസ്ഥ നേരിടാൻ പോകുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രഘുറാം രാജനും മാന്ദ്യം സംബന്ധിച്ച ആശങ്കകൾ പങ്കുെവച്ചിരിക്കുന്നത്.
വൈറസ് വ്യാപനത്തെ മികച്ച രീതിയിൽ നിയന്ത്രിച്ച ദക്ഷിണ കൊറിയയെയും സിങ്കപ്പൂരിനെയും രഘുറാം രാജൻ പ്രശംസിച്ചു. ജന്മനാടായ ഇന്ത്യക്ക്, അതിന്റെ ജനസംഖ്യാപരമായ പരിമിതികളുണ്ട്. എപ്പോഴും ജനനിബിഡമായ ഒരു വിപണിയെ സംബന്ധിച്ച് സാധാരണഗതിയിൽ ‘സാമൂഹിക അകലം പാലിക്കൽ’ എന്നത് ശ്രമകരമാണ്. അതുകൊണ്ടുതന്നെ, രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനാണ് ലോക്ഡൗണിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മഹാമാരിയെ ചെറുക്കുന്നതിന് അതിന്റെ ഗൗരവം പൂർണമായും ജനങ്ങളിലേക്ക് എത്തിക്കണം. ഇന്ത്യയിൽ കൊറോണ വ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാനുള്ള ശേഷി ഈ രാജ്യത്തിന് ഇല്ല എന്നതാണ് യാഥാർത്ഥ്യമെന്നും രഘുറാം രാജൻ മുന്നറിയിപ്പ് നൽകി.