ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് വരുമാനം മൂന്നിലൊന്നായി കുറഞ്ഞു; ഇടിഞ്ഞത് 38 ശതമാനം

June 09, 2020 |
|
News

                  ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് വരുമാനം മൂന്നിലൊന്നായി കുറഞ്ഞു; ഇടിഞ്ഞത് 38 ശതമാനം

കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗണ്‍ സമ്പദ്വ്യവസ്ഥയെ സ്തംഭിപ്പിച്ചതിനാല്‍, 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. ഏപ്രില്‍-മെയ് മാസങ്ങളില്‍ ചരക്ക് നീക്കത്തില്‍ നിന്നുള്ള വരുമാനം 38 ശതമാനം കുറഞ്ഞ് 13,436 കോടി രൂപയായി എന്ന് റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഏപ്രില്‍ മുതല്‍ മെയ് വരെ ചരക്ക് ഗതാഗതം 28 ശതമാനം കുറഞ്ഞ് 149 ദശലക്ഷം ടണ്‍ (എംടി) ആയി.

മെയ് മാസത്തില്‍ ചരക്ക് വരുമാനം 11,043 രൂപയില്‍ നിന്ന് 7,437 കോടി രൂപയായി കുറഞ്ഞു. ചരക്കുകളുടെ അളവ് 21 ശതമാനം കുറഞ്ഞ് 82.6 മെട്രിക് ടണ്ണായി. എന്നാല്‍ 2020-21ല്‍, ചരക്കുനീക്കത്തില്‍ നിന്നുള്ള വരുമാനം 1.47 ട്രില്യണ്‍ രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു. റെയില്‍വേയുടെ ചരക്കുനീക്കത്തിന്റെ അളവ് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ സൂചകമാണ്. മാര്‍ച്ച് 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ചരക്ക് ട്രെയിനുകളുടെ നീക്കത്തെ തടസ്സപ്പെടുത്തി. ഒരു മാസത്തിലേറെയായി എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിരുന്നു.

ചരക്ക് ട്രെയിനുകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നിട്ടും, കല്‍ക്കരിയും സിമന്റ് ഗതാഗതവും വളരെ കുറവായതിനാല്‍ വരുമാനത്തെ ബാധിച്ചു. ഭക്ഷ്യധാന്യങ്ങള്‍, രാസവളങ്ങള്‍, വ്യാവസായിക ഉല്‍പന്നങ്ങളായ കല്‍ക്കരി, സിമന്റ്, ഇരുമ്പയിര് തുടങ്ങി നിരവധി സാധനങ്ങള്‍ റെയില്‍വേ കടത്തുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് നീക്കത്തിന്റെ 50 ശതമാനത്തിലധികം സിമന്റ്, കല്‍ക്കരി വിഭാഗത്തിലാണ്.

കല്‍ക്കരിയില്‍ നിന്നുള്ള വരുമാനം ഏപ്രില്‍-മെയ് മാസങ്ങളില്‍ 5,778 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 11,033 കോടി രൂപയായിരുന്നു. സിമന്റില്‍ നിന്നുള്ള വരുമാനം ഒരു വര്‍ഷം മുമ്പുള്ള 1,630 കോടിയില്‍ നിന്ന് 730 കോടി രൂപയായി കുറഞ്ഞു. എന്നിരുന്നാലും, ഭക്ഷ്യധാന്യങ്ങളുടെ ചലനം കുത്തനെ ഉയര്‍ന്നു. വരുമാനം 50 ശതമാനം വര്‍ദ്ധിച്ച് 1,177 കോടി രൂപയായി. ലോക്ക്ഡൗണ്‍ മിക്ക മേഖലകളിലെയും ചരക്കുകളുടെ നീക്കത്തെ തടസ്സപ്പെടുത്തുമ്പോള്‍, റെയില്‍വേ രാജ്യത്ത് ഭക്ഷ്യധാന്യങ്ങളും മറ്റ് സാധനങ്ങളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ഗതാഗതം സുഗമമാക്കി.

Related Articles

© 2025 Financial Views. All Rights Reserved