
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ആദ്യ മാസം റെക്കോര്‍ഡ് നേട്ടം കൊയ്തതായി റിപ്പോര്‍ട്ട്. ആദ്യമാസത്തില്‍ രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് 70 ലക്ഷം രൂപ ലാഭം നേടി. ടിക്കറ്റ് വരുമാനം 3.70 കോടി രൂപയും, മറ്റിനത്തിലുള്ള ചിലവ് മൂന്നു കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ അഞ്ച് മുതല്‍ സര്‍വീസ് തുടങ്ങിയ് ലക്‌നൗ-ഡല്‍ഹി തേജസ് എക്‌സ്പ്രസാണ് ഒക്ടോബര്‍ 28 നുള്ള കണക്കുപ്രകാരം 21 ദിവസം കൊണ്ട് മികച്ച നേട്ടം കൊയ്തത്. ട്രെയിന്‍ ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് നടത്തുന്നത്.
അതേസമയം ട്രെയിന്‍ ഓരോ ദിവസവും ഓടിക്കുന്നതിന് 14 ലക്ഷം രൂപയാണ് ശരാശരി ചിലവ് വരുന്നതെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. ടിക്കറ്റിനത്തില്‍ 17.50 ലക്ഷം രൂപ ശരാശരി പ്രതിദിന വരുമാനമുണ്ട്. 80-85 ശതമാനം സീറ്റുകളും സര്‍വീസുകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുന്നുണ്ടെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
യാത്രയോടൊപ്പം ഭക്ഷണം, 25 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ, വൈകിയോടിയാല്‍ നഷ്ടപരിഹാരം എന്നിവ തേജസ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളാണ്. ലോകോത്തര നിലവാരമുള്ള 50 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കാനും സ്വകാര്യ പാസഞ്ചര്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 150 ട്രെയിനുകള്‍ ഓടിക്കാനും അവസരമൊരുക്കുന്നതിന് റെയില്‍വേ തയ്യാറാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമാണ് തേജസ് എക്‌സ്പ്രസ്. നിലവില്‍ രാജ്യത്തെ അമ്പതോളം ട്രെയിനുകള്‍ സ്വാകര്യവത്കക്കിരിക്കാനും, രാജ്യത്തെ 150 ല്‍ പരം റെയില്‍വെ സ്റ്റേഷനുകള്‍ സ്വകാര്യവത്ക്കരിക്കാനും റെയില്‍ ലക്ഷ്യമിടുന്നുണ്ട്.