
ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് മുമ്പായി ജൂണ്‍ 30 വരെ യാത്രകള്‍ക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും റെയില്‍വേ പണം തിരികെ നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൊറോണ വൈറസ് ലോക്ക്‌ഡൌണ്‍ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിനുകള്‍ ഓടിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രത്യേക ട്രെയിന്‍ സര്‍വീസുകളും തുടര്‍ന്ന് പ്രവര്‍ത്തിക്കും. മെയില്‍, എക്‌സ്പ്രസ്, ചെയര്‍ കാര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നതിന്റെ സൂചനയായി, റെയില്‍വേ ബോര്‍ഡ് മെയ് 13 ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പ്രത്യേക ട്രെയിനുകള്‍ക്ക് മാത്രമല്ല, കൂടുതല്‍ ട്രെയിനുകള്‍ക്കും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രത്യേക ട്രെയിനുകളില്‍ സ്ഥിരീകരിച്ച ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂവെങ്കിലും മെയ് 22 മുതല്‍ ആരംഭിക്കുന്ന യാത്രകള്‍ക്കായി മെയ് 15 ന് ആരംഭിക്കുന്ന ബുക്കിംഗുകളില്‍ വെയിറ്റിംഗ് ലിസ്റ്റുചെയ്ത ടിക്കറ്റുകള്‍ ലഭ്യമാകും.
എസി 3 ടയറിന് 100, എസി 2 ടയറിന് 50, സ്ലീപ്പര്‍ ക്ലാസിന് 200, ചെയര്‍ കാറുകള്‍ക്ക് 100, ഫസ്റ്റ് എസി, എക്‌സിക്യൂട്ടീവ് ക്ലാസ്സിന് 20 വീതം എന്നിങ്ങനെയാണ് വെയിന്റിംഗ് ലിസ്റ്റ് ഏര്‍പ്പെടുത്തുക. നിലവിലുള്ള എല്ലാ എസി ട്രെയിനുകള്‍ക്കും പകരം മിക്‌സഡ് സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ പദ്ധതിയിടുന്നുണ്ടെന്നും റെയില്‍വേ ബോര്‍ഡില്‍ നിന്ന് സോണുകള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. രാജധാനി സ്പെഷലുകള്‍ ഇപ്പോള്‍ പ്രധാന നഗരങ്ങളിലേയ്ക്ക് നടത്തുന്ന സര്‍വ്വീസുകള്‍ ചെറിയ പട്ടണങ്ങളിലേക്കും ആരംഭിക്കുമെന്ന സൂചനകളുമുണ്ട്.
തത്കാല്‍, പ്രീമിയം തത്കാല്‍ ക്വാട്ടയോ മുതിര്‍ന്ന പൗരന്മാരുടെ ക്വാട്ടയോ ഈ ട്രെയിനുകളില്‍ ലഭ്യമാകില്ല. റദ്ദാക്കല്‍ (ആര്‍എസി) ടിക്കറ്റുകള്‍ക്ക് പകരമുള്ള റിസര്‍വേഷനും അനുവദിക്കില്ല. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉടമകളെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇവര്‍ക്ക് മുഴുവന്‍ റീഫണ്ടും ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇതുവരെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വേയില്‍ നിന്ന് ഉത്തരവില്ല.