ടിക്കറ്റില്ലാത്തവരില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 561.73 കോടി രൂപ

August 24, 2020 |
|
News

                  ടിക്കറ്റില്ലാത്തവരില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 561.73 കോടി രൂപ

ന്യൂഡല്‍ഹി: ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ യാത്രക്കാരില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 561.73 കോടി രൂപ. 2018-19 വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വരുമാനത്തില്‍ ഉണ്ടായതെന്നും ഒരു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

റെയില്‍വേയ്ക്ക് 2016 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം ടിക്കറ്റിലാതെ യാത്ര ചെയ്തവരില്‍ നിന്ന് ആകെ ലഭിച്ചത് 1,938 കോടി രൂപയാണ്. 2016 ല്‍ നിന്ന് 2020 ലേക്ക് എത്തുമ്പോള്‍ 38.57 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016-17 കാലത്ത് 405.30 കോടി രൂപയായിരുന്നു പിഴയായി നേടിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 441.62 കോടിയായി ഈ വരുമാനം ഉയര്‍ന്നു. 2018-19 കാലത്ത് 530.06 കോടിയായിരുന്നു പിഴയായി ഈടാക്കിയത്. 2019-20 കാലത്ത് 1.10 കോടി യാത്രക്കാര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തി.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ഒരാളില്‍ നിന്ന് ടിക്കറ്റ് ചാര്‍ജ്ജുകളോടൊപ്പം ഏറ്റവും കുറഞ്ഞത് 250 രൂപയാണ് പിഴയായി ഈടാക്കുന്നത്. പിഴയടക്കാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചാല്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് യാത്രക്കാരനെ കൈമാറും. റെയില്‍വെ നിയമത്തിലെ സെക്ഷന്‍ 137 പ്രകാരം നടപടി സ്വീകരിക്കും. മജിസ്‌ട്രേറ്റിന് ഇങ്ങനെയുള്ള യാത്രക്കാരന് മേല്‍ കുറഞ്ഞത് ആയിരം രൂപ പിഴ ചുമത്താം. അതിനും യാത്രക്കാരന്‍ തയ്യാറാവുന്നില്ലെങ്കില്‍ ആറ് മാസം വരെ തടവിലിടാം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved