
റെയില്‍വേ മെനുവില്‍ വില കുത്തനെ കൂട്ടിയതിന് പിന്നാലെ കേരളാ വിഭവങ്ങള്‍ ഒഴിവാക്കി.കേരളത്തിലെ റെയില്‍വേ ഔട്ട്‌ലെറ്റുകളിലും ട്രെയിനിലും ഇനി മുതല്‍ ഉത്തരേന്ത്യന്‍ ഭക്ഷണം മാത്രമേ ലഭ്യമാകുകയുള്ളൂ. കേരളത്തിന്റെ സ്വന്തം പ്രാതല്‍ വിഭവങ്ങളായ പുട്ട്,ദോശ,അപ്പം ലഘുഭക്ഷണങ്ങളായ പഴംപൊരി,ഇലയഡ,കൊഴുക്കട്ട,ഉണ്ണിയപ്പം,നെയ്യപ്പം എന്നിവ ഒഴിവാക്കിയ ശേഷം ആലു സമോസ,കച്ചോരി,ആലുബോണ്ട എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഉഴുന്ന് വടയും പരിപ്പുവടയും മെനുവിലുണ്ടെങ്കിലും ഇരട്ടി വിലയാണ് നല്‍കിയിരിക്കുന്നത്.
ട്രെയിനുകളുടെ നിരക്കിനൊപ്പം സ്റ്റാളുകളിലെ ഭക്ഷണ വിലയിലും ഗണ്യമായ വര്‍ധനയുണ്ടായി. ഊണിനുള്ള വില 35 രൂപയില്‍ നിന്ന് 70 രൂപയായി ഉയര്‍ത്തി. 8 രൂപയ്ക്ക് ലഭ്യമായിരുന്ന ഉഴുന്നുവട,പരിപ്പുവടയും ഇപ്പോള്‍ 15 രൂപയാണ് വില. രണ്ട് വടയ്ക്ക് 30 രൂപയാണ് വില. എന്നാല്‍ രണ്ട് കഷണങ്ങള്‍ വീതം ആലു ബോണ്ട, കച്ചോറി , സമോസയ്ക്ക് 20 രൂപ മാത്രമേ വിലയുള്ളൂ. കേരളത്തില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.ഐആര്‍സിടിസി അടുത്തിടെയാണ് മെനു പുതുക്കിയത്.