അതിവേഗ ട്രെയിന്‍ പദ്ധതികളുമായി റെയില്‍വേ; പുതിയ 7 ബുള്ളറ്റ് ട്രെയിന്‍

December 21, 2021 |
|
News

                  അതിവേഗ ട്രെയിന്‍ പദ്ധതികളുമായി റെയില്‍വേ; പുതിയ 7 ബുള്ളറ്റ് ട്രെയിന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആയ മുംബൈ-അഹമ്മദാബാദ് പദ്ധതി പൂര്‍ത്തീകരിക്കും മുമ്പു തന്നെ കൂടുതല്‍ അതിവേഗ ട്രെയിന്‍ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയെ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഏഴു ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളാണ് റെയില്‍വേയുടെ പരിഗണനയില്‍ ഉള്ളത്.

ഡല്‍ഹി-വാരാണസി, മുംബൈ-നാഗ്പുര്‍ (740 കിലോമീറ്റര്‍) ഡല്‍ഹി-അഹമ്മദാബാദ് (886 കിമീ), ഡല്‍ഹി - അമൃത്സര്‍ (459 കിമീ), മുംബൈ- ഹൈദരാബാദ് (711 കിമീ), ചെന്നൈ-മൈസൂര്‍ (435 കിമീ), വാരാണസി - ഹൗറ (760 കിമീ) എന്നിവയാണ് റെയില്‍വേ പരിഗണിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍. ഈ പദ്ധതികളുടെ വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ റെയില്‍വേ എന്‍എച്ച്എസ്ആര്‍സിഎല്ലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

''ചൈന രാജ്യത്തെ ഏതാണ്ട് എല്ലാ നഗരങ്ങളെയും ബുള്ളറ്റ് ട്രെയിനുകള്‍ വഴി ബന്ധിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയും പ്രമുഖ നഗരങ്ങളിലേക്കു സമീപ ഭാവിയില്‍ തന്നെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങാനുള്ള നീക്കവുമായി അതിവേഗം മുന്നോട്ടുപോവുകയാണ്.''- റെയില്‍വേ മന്ത്രാലയത്തെ ഉന്നത ഉദ്യോഗസ്ഥയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പൂര്‍ത്തിയാവുന്നതിനു പിന്നാലെ മുംബൈയെ നാഗ്പുരുമായി ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പദ്ധതിക്കു തുടക്കമാവും. നാഷനല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ഇതിനകം ഇതിന്റെ പദ്ധതി രേഖാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് റെയില്‍വേ മുന്‍ഗണന നല്‍കുന്നുണ്ട്. മുംബൈ അഹമ്മദാബാദ് പദ്ധതിക്കു പിന്നാലെ പ്രാവര്‍ത്തികമാകുക ഇതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved