
ന്യൂഡല്‍ഹി: 44 സെമി അതിവേഗ വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ ഇന്ത്യ റദ്ദാക്കിയതായി റെയില്‍വേ മന്ത്രാലയം. ട്രെയിന്‍ നിര്‍മാണത്തിന് ആഭ്യന്തര കമ്പനിയെ കണ്ടെത്തുന്നതിനുള്ള പുതിയ ടെന്‍ഡര്‍ ഒരാഴ്ചയ്ക്കകം ക്ഷണിച്ചേക്കും.
റെയില്‍വേയുടെ അഭിമാനമായ വന്ദേഭാരത് അതിവേഗ പദ്ധതിയില്‍ മുന്നോട്ടു വന്ന ആറു കമ്പനികളിലൊന്നായ സിആര്‍ആര്‍സി പയനിയര്‍ ഇലക്ട്രിക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ചൈനീസ് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്കി ഇലക്ട്രിക്, ഗുരുഗ്രാം ആസ്ഥാനമാക്കിയുള്ള പയനിയര്‍ ഫില്‍ മെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സംയ്കുത സംരഭമാണ് സിആര്‍ആര്‍സി പയനിയര്‍ ഇലക്ട്രിക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്.
2015 ലാണ് ഈ കമ്പനി സ്ഥാപിച്ചത്. ഭെല്‍ (ഭാരത് ഹെവി ഇലക്ടിക്കല്‍സ്) ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ കമ്പനികളും ടെന്‍ഡറിനായി രംഗത്തുണ്ടായിരുന്നു. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ സാമ്പത്തിക, വ്യാപാര, വ്യവസായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് അതിവേഗ പദ്ധതിയിലും ചൈനീസ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
കിഴക്കന്‍ ചരക്ക് ഇടനാഴിയില്‍ 400 കിലോമീറ്റര്‍ റെയില്‍വേ ലൈനില്‍ സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ ബെയ്ജിങ് നാഷനല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കിയ 500 കോടി രൂപയുടെ കരാര്‍ അടുത്തിടെ റദ്ദാക്കിയിരുന്നു.