
ന്യൂഡല്‍ഹി: ട്രെയിനുകളിലെയും സ്റ്റേഷനുകളിലേയും പൊതു സുരക്ഷാ സേവനങ്ങള്‍ക്കായി 700 മെഗാഹെര്‍ട്സ് ഫ്രീക്വന്‍സി ബാന്‍ഡിലുള്ള 5 മെഗാഹെര്‍ട്സ് സ്പെക്ട്രം അനുവദിക്കുവാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടത്. അംഗീകാരം നല്‍കി. ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന്റെ ഭാഗമായാണിത്.
ഈ സ്‌പെക്ട്രം ഉപയോഗിച്ച് പാതകളില്‍ ലോംഗ് ടേം എവല്യൂഷന്‍ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ട്രെയിന്‍ റേഡിയോ ആശയവിനിമയം നടത്തുകയാണ് റെയില്‍വേയുടെ ലക്ഷ്യം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. 25,000 കോടിയാണ് പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, തദ്ദേശീയമായി വികസിപ്പിച്ച എ.ടി.പി (ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍) സംവിധാനമായ ടി.സി.എ.എസിനും( ട്രെയിന്‍ കൂളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം) അംഗീകാരം നല്‍കി. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കി അതിലൂടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും.
നിലവിലുള്ള പശ്ചാത്തലസൗകര്യം ഉപയോഗിച്ച് കൂടുതല്‍ ട്രെയിനുകളെ ഉള്‍ക്കൊള്ളുന്നതിനായി ലൈന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാകും. ഈ ആധുനിക റെയില്‍ ശൃംഖല ഗതാഗതചെലവ് കുറയ്ക്കുന്നതിനൊപ്പം തന്നെ ഉയര്‍ന്ന കാര്യക്ഷമതയും ഉറപ്പാക്കും. 'മേക്ക് ഇന്‍ ഇന്ത്യ' ദൗത്യം നിറവേറ്റുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ബഹുരാഷ്ട്ര വ്യവസായങ്ങളെ ഇത് ആകര്‍ഷിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.