
ബെംഗളൂരു: മലയാളിയായ രാജേഷ് നമ്പ്യാര്‍ ഇനി ടെക് ഭീമന്‍മാരായ കോഗ്‌നിസന്റ് ഇന്ത്യയെ നയിക്കും. കോഗ്‌നിസന്റ് ഇന്ത്യയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ആയിട്ടാണ് രാജേഷ് നമ്പ്യാരുടെ നിയമനം. ഈ പദവിയിലേക്ക് രാജേഷ് നമ്പ്യാര്‍ തന്നെ ആയിരിക്കും എത്തുക എന്ന രീതിയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളുണ്ടായിരുന്നു. ജൂലായില്‍ രാംകുമാര്‍ രാമമൂര്‍ത്തി സിഎംഡി സ്ഥാനം ഒഴിഞ്ഞിരുന്നു. അന്നുമുതല്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആയിട്ടാണ് രാംകുമാര്‍ രാമമൂര്‍ത്തി പിന്നീട് ചുമതലയേറ്റത്. നവംബര്‍ 9 ന് ആണ് രാജേഷ് നമ്പ്യാര്‍ കോഗ്‌നിസന്റ് ഇന്ത്യയുടെ സിഎംഡി ആയി ചുമതലയേല്‍ക്കുക. കോഗ്‌നിസന്റ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്.
സിയെന ഇന്ത്യയുടെ ചെയര്‍മാന്‍ ആയും പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചുവരികയായിരുന്നു. നെറ്റ് വര്‍ക്കിങ്, സിസ്റ്റംസ്, സോഫ്റ്റ് വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണ് സിയെന ഇന്ത്യ. രാജേഷ് നമ്പ്യാരുടെ വരവോടെയാണ് കമ്പനി ഇന്ത്യയില്‍ വലിയ വളര്‍ച്ച നേടിയത്. സിയെന ഇന്ത്യക്ക് മുമ്പ് ഐബിഎമ്മിന്റെ അപ്ലിക്കേഷന്‍ സര്‍വ്വീസ് ബിസിനസിന്റെ ജനറല്‍ മാനേജരും ഗ്ലോബല്‍ ലീഡറും ആയിരുന്നു അദ്ദേഹം.
പന്ത്രണ്ട് വര്‍ഷത്തിലധികം അദ്ദേഹം ഐബിഎമ്മില്‍ ജോലി ചെയ്തു. അതിന് മുമ്പ് ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ടാറ്റ ഗ്രൂപ്പില്‍ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. 1989 മുതല്‍ 2006 വരെ ആയിരുന്നു അദ്ദേഹം ടാറ്റ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന.് ഈസ്റ്റേണ്‍ യുഎസ്എ തലവനായിരിക്കെ ആണ് ടാറ്റ കണ്‍സള്‍ട്ടന്‍സി വിടുന്നത്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദം സ്വന്തമാക്കിയ രാജേഷ് നമ്പ്യാര്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ അഡ്വാന്‍സ്ഡ് മാനേജ്മെന്റിലും പഠനം നടത്തിയിട്ടുണ്ട്.