കൊറോണ പശ്ചാത്തലത്തില്‍ റാക്ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പരിധി വെട്ടിക്കുറച്ചു

May 05, 2020 |
|
News

                  കൊറോണ പശ്ചാത്തലത്തില്‍ റാക്ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പരിധി വെട്ടിക്കുറച്ചു

റാസ് അല്‍ ഖൈമ: കോവിഡ്-19 വെല്ലുവിളികള്‍ തിരിച്ചടിയായ നാഷണല്‍ ബാങ്ക് ഓഫ് റാസ് അല്‍ ഖൈമ (റാക്ബാങ്ക്) തെരഞ്ഞെടുത്ത ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് പരിധി 5,000 ദിര്‍ഹമായി വെട്ടിക്കുറച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യപാദത്തിലെ അറ്റാദായം 43.2 ശതമാനം ഇടിഞ്ഞ് 153.5 മില്യണ്‍ ദിര്‍ഹമായതായി കഴിഞ്ഞ ദിവസം ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ പരമാവധി 150,000 ദിര്‍ഹം വരെയും ഏറ്റവും കുറഞ്ഞത് 36,000 ദിര്‍ഹം വരെയും ക്രെഡിറ്റ് കാര്‍ഡ് പരിധിയുള്ള ഉപഭോക്താക്കളാണ് റാങ്ക്ബാങ്കില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിലുള്ള വിലയിരുത്തലില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ക്രെഡിറ്റ് ലിമിറ്റ് 5,000 ദിര്‍ഹമാക്കി പരിഷ്‌കരിക്കരിച്ചതായി ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ റാക്ബാങ്ക് അറിയിച്ചു. റിസ്‌ക് മോണിട്ടറിംഗ് ആക്ടിവിറ്റിയുടെ ഭാഗമായാണ് ക്രെഡിറ്റ് കാര്‍ഡ് പരിധി വെട്ടിക്കുറച്ചതെന്ന് പിന്നീട് ബാങ്ക് വിശദീകരിച്ചു.

'ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് പരിധിയിലുള്ള വര്‍ധനവും കുറവുമെല്ലാം അതത് സമയങ്ങളില്‍ ബാങ്ക് നടത്തുന്ന റിസ്‌ക് മോണിറ്ററിംഗ് ആക്ടിവിറ്റിയുടെ ഭാഗമാണ്. റാക്ബാങ്കിന്റെ ആഭ്യന്തര റിസ്‌ക് അസസ്മെന്റ് പോളിസികളും ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും അടിസ്ഥാനമാക്കിയാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്', അറബിക് മാധ്യമത്തിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ റാക്ബാങ്ക് വ്യക്തമാക്കി.

കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതത്തെ മറികടക്കുന്നതിനായി ഐഎഫ്ആര്‍എസ് 9ലേക്ക് (സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ ധനകാര്യ ആസ്തികളുടെയും ബാധ്യതകളുടെയും എക്കൗണ്ടിംഗും റിപ്പോര്‍ട്ടിംഗും മെച്ചപ്പെടുത്തുന്നതിനായുള്ള അന്താരാഷ്ട്ര എക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് ബോര്‍ഡിന്റെ ഉപാധി) 130 മില്യണ്‍ ദിര്‍ഹം അധികമായി നീക്കിവെച്ചതാണ് അറ്റാദായം ഇടിയാനുള്ള പ്രധാനകാരണമായി റാക്ബാങ്ക് സിഇഒ പീറ്റര്‍ ഇംഗ്ലണ്ട് വിശദീകരിച്ചിരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അസാധാരണ പ്രകടനമാണ് ബാങ്ക് കാഴ്ചവെച്ചതെന്നും ഏറ്റവും മികച്ച സാമ്പത്തിക പ്രകടനത്തിന്റെ ഒരു പാദത്തിലേക്ക് അടുത്തുകൊണ്ടിരിക്കവെയാണ് കോവിഡ്-19 മൂലമുള്ള പ്രതിസന്ധികള്‍ ഉടലെടുത്തതെന്നും പീറ്റര്‍ ഇംഗ്ലണ്ട് പറഞ്ഞു. 'എന്നിരുന്നാലും നിലവിലെ വെല്ലുവിളികളെ ശക്തമായി നേരിടാനുള്ള ഉയര്‍ന്ന മൂലധനവും പണലഭ്യതയും കരുതല്‍ നീക്കിയിരുപ്പും ബാങ്കിനുണ്ട്. വെല്ലുവിളി നിറഞ്ഞ ഇക്കാലത്ത് മികച്ച രീതിയില്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ ബാങ്കിന് കഴിയും,' പീറ്റര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Articles

© 2025 Financial Views. All Rights Reserved