ഈ വര്‍ഷം ഐപിഒയുമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും

January 16, 2021 |
|
News

                  ഈ വര്‍ഷം ഐപിഒയുമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും

ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഈ വര്‍ഷം തങ്ങളുടെ ഇനിഷ്യല്‍ പബ്ലിക് ഓഫറുമായി (ഐപിഒ) എത്തുമെന്ന് റിപോര്‍ട്ടുകള്‍. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെയും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെയും മാഡിസണ്‍ ക്യാപിറ്റലിന്റെയും പിന്തുണയുള്ള കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്.

കോവിഡ് -19-നെ തുടര്‍ന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാര്‍ ഐപിഓക്ക് ഒരുങ്ങുന്നതെന്ന് പേരു വെളിപ്പെടുത്താത്ത കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചു മണികണ്ട്രോള്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അതിവേഗ വളര്‍ച്ച കൈവരിക്കുകയാണെന്നും കമ്പനിയുടെ മൂല്യം 3 ബില്യണ്‍ ഡോളറിലധികം വരുമെന്നും പേരു വെളിപ്പെടുത്താത്ത ഒരു കമ്പനി വൃത്തം പറഞ്ഞു.

അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും നിര്‍ദ്ദിഷ്ട ഐപിഒ വഴി ഏകദേശം 3000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മെയ് മാസത്തില്‍ സെബിയില്‍ ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റി, ആക്‌സിസ് ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, ബോഫ സെക്യൂരിറ്റീസ് എന്നിവയാണ് ഐപിഒയ്ക്കായി കമ്പനി നിയോഗിച്ചിരിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍.

നിര്‍ദ്ദിഷ്ട ഐപിഒയുടെ ഭാഗമായി കമ്പനിയിലെ പ്രധാന നിക്ഷേപകര്‍ അവരുടെ ഓഹരികള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. പുതിയ ഷെയറുകളുടെ വിതരണവും ഇഷ്യുവിന്റെയും വില്‍പ്പനയ്ക്കുള്ള ഓഫറിന്റെയും ഒരു സംയോജനമായിരിക്കും സ്റ്റാറിന്റെ ഐപിഒ. കൂടാതെ ലിസ്റ്റു ചെയ്ത റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയില്‍ ഇല്ല. മാക്‌സ് ബൂപ്പ, ഐസിഐസിഐ ലോംബാര്‍ഡ്, എച്ച്ഡിഎഫ്‌സി എര്‍ഗോ, ബജാജ് അലയന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് എന്നിവരാണ് സ്റ്റാര്‍ ഹെല്‍ത്ത്ഇന്റെ ഈ മേഖലയിലെ എതിരാളികള്‍.

2018 ഓഗസ്റ്റില്‍ വെസ്റ്റ്ബ്രിഡ്ജ് എഐഎഫ്, രാകേഷ് ജുന്‍ജുന്‍വാല, മാഡിസണ്‍ ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരുടെ കണ്‍സോര്‍ഷ്യമായ സേഫ്‌ക്രോപ്പ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകളുമായി 90 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പിട്ടു.

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ തലവനായിരുന്ന വി ജഗന്നാഥന്‍ 2006-ല്‍ സ്ഥാപിച്ച കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത്. 2020 ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച് ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡറായ കമ്പനിക്ക് 52 ശതമാനം വിപണി വിഹിതമുണ്ട്. ഇവരുടെ നെറ്റ്വര്‍ക്കില്‍ 9,500-ലധികം ആശുപത്രികളുണ്ട്.

ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ വര്ഷം ഐപിഓ വഴി സമാഹരിച്ച തുക ഏകദേശം 30,000 കോടി രൂപയാണ്. 2020-ല്‍ നിരവധി കമ്പനികളുടെ ഐപിഓ വിജയമായതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ വര്‍ഷവും ഓഹരി വിപണിയില്‍ തങ്ങളുടെ ഓഫറുമായി എത്തുന്നുണ്ട്. ഈ വര്‍ഷം ഐപിഓ ആയി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്ന ചില കമ്പനികള്‍ ഇവയാണ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കല്യാണ്‍ ജൂവലേഴ്സ്, ഐസ്മാള്‍ ഫിനാന്‍സ് ബാങ്ക്, സൊമാറ്റോ, ഗ്രോഫെര്‍സ്, ബാര്‍ബിക്യൂ നേഷന്‍, സ്റ്റ്ഡ്‌സ് ആക്സസറിസ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved