
ഇന്ത്യന്‍ ഓഹരി വിപണിയില്‍ പുതുതായി പേരുചേര്‍ത്ത കമ്പനികളില്‍ ഒന്നാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലിയഡ് ഇന്‍ഷുറന്‍സ്. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന വിഖ്യാത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഈ ഇന്‍ഷുറന്‍സ് കമ്പനിയില്‍ വലിയ നിക്ഷേപമുണ്ട്. ഓഹരി വിപണിയില്‍ സ്റ്റാര്‍ ഹെല്‍ത്ത് കമ്പനി അരങ്ങേറ്റം കുറിച്ച് ഒരാഴ്ച്ച ആകുമ്പോഴേക്കും നിക്ഷേപ തുകയില്‍ ജുന്‍ജുന്‍വാല കയ്യടക്കുന്ന ലാഭം 5,418 കോടി രൂപയാണ്. ശതമാനക്കണക്കെടുത്താല്‍ ലാഭം 421 ശതമാനം!
ഒരുഭാഗത്ത് ജുന്‍ജുന്‍വാലയ്ക്ക് കോളടിച്ചെങ്കിലും മറുഭാഗത്ത് ഐപിഒ നിക്ഷേപകര്‍ക്ക് സുഖമല്ലാത്ത അനുഭവമാണ് സ്റ്റാര്‍ ഹെല്‍ത്ത് സമര്‍പ്പിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ സ്റ്റാര്‍ ഹെല്‍ത്ത് വാങ്ങിയവര്‍ക്ക് ഇതിനോടകം 10 ശതമാനം നഷ്ടം സംഭവിച്ചുകഴിഞ്ഞു. സ്റ്റാര്‍ ഹെല്‍ത്തിലെ പ്രധാന പ്രമോട്ടറാണ് രാകേഷ് ജുന്‍ജുന്‍വാല. ഇദ്ദേഹത്തിന് കമ്പനിയില്‍ 14.98 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റാര്‍ ഹെല്‍ത്തിന്റെ 8.28 കോടി ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്.
ജുന്‍ജുന്‍വാലയ്ക്ക് പുറമെ സേഫ്ക്രോപ്പ് ഇന്‍വെസ്റ്റ്മെന്റ്സും വെസ്റ്റ്ബ്രിഡ്ജ് എഐഎഫും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലെ പ്രമോട്ടര്‍മാരാണ്. 900 രൂപയെന്ന ഐപിഓ വിലയ്ക്കാണ് സ്റ്റാര്‍ ഹെല്‍ത്ത് അരങ്ങേറ്റം നടത്തിയതെങ്കിലും ഒരാഴ്ച്ച ആകുമ്പോഴേക്കും 828 രൂപയിലേക്ക് സ്റ്റോക്ക് അടിപതറിയത് കാണാം. വെള്ളിയാഴ്ച്ച 829.50 രൂപയാണ് സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 8.54 ശതമാനം വിലയിടിവ് കമ്പനി നേരിടുന്നുണ്ട്. ആദ്യദിനം 940 രൂപയോളം ഉയരാന്‍ കഴിഞ്ഞെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരിവില കാര്യമായി ഇടിഞ്ഞു. 795 രൂപ വരെയുള്ള താഴ്ച്ചയ്ക്ക് കമ്പനി സാക്ഷിയാണ്.