
മുംബൈ: സ്റ്റോക് മാര്‍ക്കറ്റിലെ തന്നെ മുതിര്‍ന്ന നിക്ഷേപകനാണ് രാകേഷ് ജുന്‍ജുന്‍വാല. അദ്ദേഹം ഓഹരിക്കമ്പോളത്തിലെ അഗ്രഗണ്യനുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്ന് മാസത്തില്‍ അദ്ദേഹം നിക്ഷേപം നടത്തിയത് പ്രധാനമായും മൂന്ന് ഓഹരികളിലാണ്. എംസിഎക്‌സ്, ഫോര്‍ടിസ് ഹെല്‍ത്ത്‌കെയര്‍, ആഗ്രോടെക് ഫുഡ്‌സ് എന്നിവയാണിവ. അതേസമയം ടൈറ്റാനിലുണ്ടായിരുന്ന ഓഹരികള്‍ അദ്ദേഹം കുറേയങ്ങ് വിറ്റഴിക്കുകയും ചെയ്തു. 22.50 ലക്ഷം ഓഹരികളാണ് അദ്ദേഹം വിറ്റത്.
എംസിഎക്‌സിലെ ഓഹരി നിക്ഷേപം വര്‍ധിപ്പിക്കുകയാണ് ജുന്‍ജുന്‍വാല ചെയ്തത്. ഒരു ശതമാനം ഓഹരികളാണ് അധികമായി വാങ്ങിയത്. ഇതോടെ 3.92 ശതമാനം ഓഹരി കമ്പനിയിലുണ്ടായിരുന്നിടത്ത് ജുന്‍ജുന്‍വാലയ്ക്ക് ഇപ്പോള്‍ 4.90 ശതമാനം ഓഹരി കൈയ്യിലുണ്ട്.
ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറില്‍ ജുന്‍ജുന്‍വാലയ്ക്ക് ഇപ്പോള്‍ 32550000 (മൂന്ന് കോടി ഇരുപത്തഞ്ച് ലക്ഷത്തി അന്‍പതിനായിരം) ഓഹരികളുണ്ട്. 4.31 ശതമാനം വരുമിത്. 2020 ഡിസംബറില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1.79 ശതമാനവും അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് 2.18 ശതമാനം ഓഹരിയുമാണ് ഇവിടെയുണ്ടായിരുന്നത്. മാര്‍ച്ച് പാദത്തിലാകട്ടെ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ 36 ശതമാനം വളര്‍ച്ചയാണ് ഓഹരി കമ്പോളത്തില്‍ നേടിയത്.
ആഗ്രോ ടെക് ഫുഡ്‌സില്‍ രേഖാ ജുന്‍ജുന്‍വാലയാണ് ഓഹരി ഉടമസ്ഥത വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 849559 ഓഹരികള്‍ (3.49 ശതമാനം) രേഖയ്ക്ക് ഇവിടെയുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 16 ശതമാനം റിട്ടേണും കഴിഞ്ഞ 12 മാസത്തിനിടെ 84 ശതമാനം റിട്ടേണുമാണ് ആഗ്രോ ടെക് ഫുഡ്‌സ് ഓഹരി ഉടമകള്‍ക്ക് നല്‍കിയത്.