ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ ഇന്ത്യന്‍ ഇക്വിറ്റി നിക്ഷേപകന്‍: അറിയാം രാകേഷ് ജുന്‍ജുന്‍വാലയെ

October 28, 2020 |
|
News

                  ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ ഇന്ത്യന്‍ ഇക്വിറ്റി നിക്ഷേപകന്‍: അറിയാം രാകേഷ് ജുന്‍ജുന്‍വാലയെ

ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഇന്നോളം നടന്നിട്ടുള്ള വ്യാപാരങ്ങളുടെ കണക്കെടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ ഇന്ത്യന്‍ ഇക്വിറ്റി നിക്ഷേപകരില്‍ ഒരാളാണ് രാകേഷ് ജുന്‍ജുന്‍വാല. രാകേഷ് ഓഹരിവിപണിയില്‍ നടത്തുന്ന ഇടപെടലുകളെ വിപണി വിശേഷിപ്പിക്കുന്നത് 'മിഡാസ് സ്പര്‍ശം' എന്നാണ്. അതെ, തൊട്ടതൊക്കെയും പൊന്നാക്കിയ ചരിത്രം മാത്രമേ രാകേഷ് ജുന്‍ജുന്‍വാലയ്ക്കുള്ളൂ. 2020 -ലെ ഫോര്‍ബ്സ് മാസികയുടെ സമ്പന്നരുടെ  പട്ടികയില്‍ ഇന്ത്യയില്‍ അന്‍പത്തിനാലാം സ്ഥാനത്താണ് ജുന്‍ജുന്‍വാലയുള്ളത്. ഈ കോവിഡ് മഹാമാരിക്കാലത്ത് ലോകമെമ്പാടുമുള്ള പല ബിസിനസുകാര്‍ക്കും  കോടികളുടെ നഷ്ടങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് പോലും ജുന്‍ജുന്‍വാല ഉണ്ടാക്കിയത് ശതകോടികളുടെ ലാഭമാണ്.

1960 ജൂലൈ 5 -ന് ഒരു ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനായി മുംബൈയില്‍ ജനിച്ച രാകേഷ്, സൈഡന്‍ഹാം കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സിഎ യോഗ്യത നേടി. കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. ബോംബെ ഓഹരി വിപണി സൂചിക 150 -ല്‍ നില്‍ക്കുന്ന എണ്‍പതുകളുടെ തുടക്കത്തിലാണ് ജുന്‍ജുന്‍വാല, ഓഹരിവിപണിയിലെ തന്റെ കളികള്‍ തുടങ്ങുന്നത്.  ഇന്ന്, 2020 അവസാന പാദത്തില്‍ സൂചിക ക്‌ളോസ് ചെയ്യുന്നത് 40,145.5 -ലാണ് എന്നത് പ്രത്യേകം ഓര്‍ക്കണം.

1986-89 കാലത്ത് ജുന്‍ജുന്‍വാല ഉണ്ടാക്കിയ ലാഭം 20-25 ലക്ഷമായിരുന്നു. അന്നോളം ബോംബെ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചിട്ടുള്ള മറ്റാരും ഉണ്ടാക്കിയതിനേക്കാള്‍ വലിയ ലാഭമായിരുന്നു അത്. ഹര്‍ഷദ് മെഹ്തയുടെ കലാപകാലത്ത് ഓഹരിവിപണിയിലെ 'ബിയര്‍' ആയിരുന്നു ജുന്‍ജുന്‍വാല എങ്കില്‍ ഇന്നയാള്‍ ഇന്ത്യന്‍ ബുള്‍ മാര്‍ക്കറ്റിന്റെ മുന്നണിപ്പോരാളിയാണ്. രാമകൃഷ്ണ ദമാനി എന്ന പ്രഗത്ഭനായ നിക്ഷേപകനില്‍ നിന്ന് ഓഹരിവ്യാപാരത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച ജുന്‍ജുന്‍വാല 1992 നു ശേഷമുള്ള വര്‍ഷങ്ങളില്‍ ഉണ്ടാക്കിയ ലാഭത്തിനു കയ്യും കണക്കുമില്ല.

ഹര്‍ഷദ് മെഹ്തയുടെ അറസ്റ്റിനു ശേഷം ബോംബെ ഓഹരിവിപണിയില്‍ ഉണ്ടായ ശൂന്യത നികത്തിയത് ജുന്‍ജുന്‍വാല ആണെന്ന് വേണം പറയാന്‍. ടൈറ്റന്‍, ക്രിസില്‍, സെസ ഗോവ, പ്രജ് ഇന്‍ഡസ്ട്രീസ്, ഓറോബിന്ദോ ഫാര്‍മ, എന്‍സിസി എന്നീ കമ്പനികളുടെ ഓഹരികളില്‍ നടത്തിയ നിക്ഷേപങ്ങളിലൂടെ ജുന്‍ജുന്‍വാല കോടികളുണ്ടാക്കി. റെയര്‍ എന്റര്‍പ്രൈസസ് എന്നൊരു സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയും ജുന്‍ജുന്‍വാലക്ക് സ്വന്തമായുണ്ട്. 2017 -ല്‍ ടൈറ്റന്‍ ഓഹരികളിലുണ്ടായ കയറ്റം മുതലെടുത്തുകൊണ്ട് ജുന്‍ജുന്‍വാല നടത്തിയ കളിയില്‍ ഒരൊറ്റ ദിവസം കൊണ്ട് സമ്പാദിച്ചത് 875 കോടി രൂപയുടെ ലാഭമാണ്.

മാര്‍ച്ച് 23 മുതലുള്ള ജുന്‍ജുന്‍വാലയുടെ ഓഹരി വ്യാപാരങ്ങള്‍ പരിശോധിച്ച് കൊണ്ട് ബിസിനസ് ടുഡേ നടത്തിയ പഠനത്തില്‍ വ്യക്തമായത്, ലോകം മുഴുവന്‍ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം ഓര്‍ത്തു വിഷമിച്ചുകൊണ്ടിരുന്ന കൊവിഡ് ദിനങ്ങളില്‍ പ്രതിദിനം, 5.59 കോടിയാണ് ജുന്‍ജുന്‍വാല നേടിയത്. ട്രാക്ടറുകള്‍ നിര്‍മിക്കുന്ന എസ്‌കോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന ഒരൊറ്റ കമ്പനിയുടെ ഓഹരികളില്‍ വ്യാപാരം നടത്തിയിട്ടാണ് ജുന്‍ജുന്‍വാല ഇത്രയും വലിയ ലാഭമുണ്ടാക്കിയിട്ടുള്ളത്. 111 സെഷനുകളിലായി ഇത്രയും ദിവസം കൊണ്ട് ജുന്‍ജുന്‍വാല നടത്തിയ വ്യാപാരത്തില്‍ അദ്ദേഹത്തിന് ആകെയുണ്ടായ ലാഭം 620.62 കോടി. അതായത് പ്രതിദിനം 5.59 കോടിയുടെ ലാഭം. മാര്‍ച്ച് 2020 -ല്‍ അവസാനിച്ച പാദം വരെ ജുന്‍ജുന്‍വാല കൈവശം വെച്ചത് എസ്‌കോര്‍ട്ട്‌സിന്റെ 91 ലക്ഷം ഓഹരികളാണ്.

മാര്‍ച്ച് 23 -ന് സെന്‍സെക്‌സ്, നിഫ്റ്റി എന്നിവ അവയുടെ ഏറ്റവും വലിയ പ്രതിദിന നഷ്ടം രേഖപ്പെടുത്തിയ ആ കരിദിനത്തില്‍ എസ്‌കോര്‍ട്‌സിന്റെ ഓഹരികള്‍ ക്‌ളോസ് ചെയ്തത് 551 രൂപയ്ക്കാണ്. അതായത് ജുന്‍ജുന്‍വാല കൈവശം വെച്ചിരുന്ന എസ്‌കോര്‍ട്‌സ് ഓഹരികളുടെ ആകെ വിപണിമൂല്യം 501.41 കോടി. എന്നാല്‍, നഷ്ടങ്ങള്‍ മാത്രം രേഖപ്പെടുത്തിയിട്ടും ജുന്‍ജുന്‍വാല തന്റെ എസ്‌കോര്‍ട്‌സ് ഓഹരികള്‍ വിറ്റൊഴിവാക്കിയില്ല. ഒടുവില്‍ സെപ്റ്റംബര്‍ രണ്ടാം തീയതി അയാള്‍ കാത്തുകാത്തിരുന്ന ദിവസമെത്തി. അന്നേദിവസം എസ്‌കോര്‍ട്‌സിന്റെ കറികള്‍ അതിന്റെ പരമാവധി വിളയായ 1,233 സ്പര്‍ശിച്ചു. അതായത് അപ്പോഴും ജുന്‍ജുന്‍വാല വിടാതെ കൈവശം വെച്ചിരുന്ന 91 ലക്ഷം ഓഹരികളുടെ അപ്പോഴത്തെ വില, 1,122 കോടി രൂപ. അങ്ങനെ അത് വിറ്റഴിച്ചപ്പോള്‍ ജുന്‍ജുന്‍വാലക്ക് ഉണ്ടായ ലാഭമാണ് പ്രതിദിനം 5.59 കോടി എന്നത്.

ബോംബെ ഓഹരി വിപണിയുടെ ഉത്ഭവകാലം തൊട്ടിങ്ങോട്ട് അതിന്റെ ഓരോ സ്പന്ദനവും അറിഞ്ഞു കൊണ്ട് ഇവിടത്തെന്നെ ഉണ്ടായിരുന്ന  ജുന്‍ജുന്‍വാലക്ക് വിപണി ഏതുനിമിഷം എങ്ങോട്ട് ചായും എന്നത് സംബന്ധിച്ച കൃത്യമായ ഉള്‍വിളികള്‍ മുന്നേകൂട്ടി ഉണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളില്‍ പലതും ശരിയും ആകാറുണ്ട്. അതേസമയം, ഇന്‍സൈഡര്‍ ട്രേഡിങ് നടത്തി എന്ന ആക്ഷേപത്തിന്മേല്‍ 2020 ജനുവരി 28 മുതല്‍ ഒരു അന്വേഷണവും നേരിടുന്നുണ്ട് രാകേഷ് ജുന്‍ജുന്‍വാല എന്ന ഈ ഓഹരി വ്യാപാരി.

Related Articles

© 2024 Financial Views. All Rights Reserved