
നിക്ഷേപത്തിലെ അതിസമര്‍ത്ഥന്‍ രാകേഷ് ജുന്‍ജുന്‍വാല എയര്‍ലൈന്‍ മേഖലയില്‍ പുതിയ നിക്ഷേപത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി ആരംഭിക്കാനൊരുങ്ങുന്ന ലോ ഫെയര്‍ എയര്‍ലൈന്‍ സംരഭത്തില്‍ 260.7 കോടി രൂപ രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപിച്ചേക്കും. ജെറ്റ് എയര്‍വെയ്സ് സിഇഒ വിനയ് ഡുബെയുടെ നേതൃത്തിലുള്ളതായിരിക്കും പുതിയ സംരഭം.
ലോ ഫെയര്‍ എയര്‍ലൈന്‍ സംരഭം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ രാകേഷ് ജുന്‍ജുന്‍വാലെയുമായും മറ്റൊരു വിദേശ നിക്ഷേപകനുമായും ഡൂബെ നടത്തിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ എയര്‍ലൈന്‍ സംരഭത്തില്‍ ഏകദേശം 40 ശതമാനം ഓഹരികളായിരിക്കും ജുന്‍ജുന്‍വാലെ സ്വന്തമാക്കുക. ആകാശ എന്നാണ് സംരഭത്തിനായി നിശ്ചയിച്ചിരിക്കുന്ന പേര്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ കാത്തിരിക്കുകയാണ് ആകാശ ഇപ്പോള്‍.
വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി എന്നത് ആദ്യ ഘട്ടത്തിലുള്ള അംഗീകാരം മാത്രമാണ്. മറ്റ് നടപടികളുമായി മുന്നോട്ട് പോകണമെങ്കില്‍ ശക്തമായ ഒരു ബിസിനസ് പ്ലാനും അതിനാവശ്യമായ ഫണ്ടും സ്ഥാപനം കണ്ടെത്തേണ്ടതുണ്ട്. മൂലധന തുക എത്രമാത്രം സ്വരൂപിക്കുവാന്‍ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങളും മറ്റു കാര്യങ്ങളും നിശ്ചയിക്കുവാന്‍ സാധിക്കുക. അടുത്ത വര്‍ഷം മധ്യത്തോടെ എയര്‍ലൈന്‍ ആരംഭിക്കുവാനാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ തിരിച്ചടികള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി ഏവിയേഷന്‍ മേഖല നഷ്ടമാണ് അഭിമുഖീകരിക്കുന്നത്. അടുത്ത രണ്ടോ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം പ്രതീക്ഷിക്കണമെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. എയര്‍ലൈന്‍ മേഖലയില്‍ ചെറിയ നിക്ഷേപങ്ങള്‍ മാത്രമാണ് ജുന്‍ജുന്‍വാലയ്ക്കുള്ളത്. സാമ്പത്തിക മേഖലയിലെ പണപ്പെരുപ്പം താത്ക്കാലികമാണെന്നും വിപണിയുടെ വളര്‍ച്ചയ്ക്ക് നിലവിലുള്ള സാഹചര്യങ്ങളൊന്നും തടസ്സമാകില്ല എന്നുമാണ് ജുന്‍ജുന്‍വാലയുടെ വിലയിരുത്തല്‍. കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത ഇല്ലെന്നും ജുന്‍ജുന്‍വാല പറയുന്നു.