ഒരൊറ്റ ഓഹരിയില്‍ നിന്ന് രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യയും പ്രതിദിനം നേടിയത് 18.40 കോടി രൂപ!

February 17, 2021 |
|
News

                  ഒരൊറ്റ ഓഹരിയില്‍ നിന്ന് രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യയും പ്രതിദിനം നേടിയത് 18.40 കോടി രൂപ!

ഒരൊറ്റ ഓഹരിയില്‍ നിന്ന് രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യയും ഇന്നലെ വരെ തുടര്‍ച്ചയായി 11 വ്യാപാര ദിനങ്ങളില്‍ ശരാശരി നേടിയത് 18.40 കോടി രൂപ! ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ എന്‍സിസി ലിമിറ്റഡാണ് ഈ നേട്ടം ഇവര്‍ക്ക് സമ്മാനിച്ചത്. ഇന്ന് (ചൊവ്വാഴ്ച) 2.70 ശതമാനം വിലയിടിവ് എന്‍സിസി ഓഹരിയ്ക്കുണ്ടായെങ്കിലും ഇന്നലെ വരെ തുടര്‍ച്ചയായി കയറ്റമായിരുന്നു.

ജനുവരി 29ന് എന്‍സിസിയുടെ വില 58.95 രൂപയായിരുന്നു. ഇന്നലെ അത് 84.80 രൂപയിലെത്തി. ജുന്‍ജുന്‍വാലയ്ക്ക് എന്‍സിസി ലിമിറ്റഡിന്റെ 7.83 കോടി ഓഹരികളും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് 6.67 കോടി ഓഹരികളുമാണ് കൈവശമുള്ളത്. തുടര്‍ച്ചയായി 11 ദിവസം എന്‍സിസിയുടെ ഓഹരി വില വര്‍ധിച്ചപ്പോള്‍ ജുന്‍ജുന്‍വാല ദമ്പതികളുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം 664.26 കോടി രൂപയായി. 11 ദിവസം കൊണ്ട് അവര്‍ക്കുണ്ടായ ലാഭം 202.49 കോടി രൂപ. അതായത് ശരാശരി പ്രതിദിന നേട്ടം 18.4 കോടി രൂപ!

ഇന്നലെ വരെ, 11 വ്യാപാര ദിവസത്തിനുള്ളില്‍, എന്‍സിസി ലിമിറ്റഡിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധന 43.85 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വില 81.58 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷാദ്യം മുതലുള്ള പ്രകടനം കണക്കിലെടുത്താല്‍ 47.88 ശതമാനം വില വര്‍ധനയുണ്ടായിട്ടുണ്ട്. എന്‍സിസി ലിമിറ്റഡ് ഓഹരിയുടെ പ്രതിമാസ ശരാശരി വില വര്‍ധന 37.39 ശതമാനമാണ്.

Related Articles

© 2025 Financial Views. All Rights Reserved