ഇന്ത്യയുടെ ബിസിനസ് സാമ്രാട്ട് രത്തന്‍ ടാറ്റയ്ക്ക് ഇന്ന് 83 വയസ്സ്; അറിയാം ജീവിതകഥ

December 28, 2020 |
|
News

                  ഇന്ത്യയുടെ ബിസിനസ് സാമ്രാട്ട് രത്തന്‍ ടാറ്റയ്ക്ക് ഇന്ന് 83 വയസ്സ്; അറിയാം ജീവിതകഥ

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എമെറിറ്റസ് രത്തന്‍ ടാറ്റയ്ക്ക് ഇന്ന് (2020 ഡിസംബര്‍ 28) 83 വയസ്സ് തികഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബിസിനസുകാരില്‍ ഒരാളാണ് രത്തന്‍ ടാറ്റ. രത്തന്‍ ടാറ്റയെ മറ്റ് വ്യവസായികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ മൂല്യങ്ങളാണ്. ബിസിനസ്സ് നടത്തുമ്പോള്‍ ദയയ്ക്കും സഹാനുഭൂതിക്കും അദ്ദേഹം മുന്‍ഗണന നല്‍കുന്നു. രത്തന്‍ ടാറ്റയെക്കുറിച്ച് അറിയേണ്ട രസകരമായ ചില വസ്തുതകള്‍.

1937 ല്‍ ഗുജറാത്തിലെ സൂറത്തിലാണ് രത്തന്‍ ടാറ്റ ജനിച്ചത്. പിതാവിന്റെ പേര് നേവല്‍ ടാറ്റ, സൂനി ടാറ്റയാണ് അമ്മ. ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംസെറ്റ്ജി ടാറ്റയുടെ ദത്തുപുത്രനായിരുന്നു നേവല്‍ ടാറ്റ. 1962 ല്‍ തന്റെ 25-ാം വയസ്സില്‍ ടാറ്റ ഗ്രൂപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് പഠനം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ ചേര്‍ന്നു. കോര്‍ണല്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

ജെആര്‍ഡി ടാറ്റയ്ക്ക് ശേഷം 1991ല്‍ ടാറ്റ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ചെയര്‍മാനായി രത്തന്‍ ടാറ്റ സ്ഥാനമേറ്റു. ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ്സ് പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം നിരവധി സംരംഭങ്ങള്‍ നടത്തിയിട്ടുണ്ട്. ടാറ്റ ടെലി സര്‍വീസസ് ആരംഭിച്ച അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച കാറായ ഇന്‍ഡിക്ക കാര്‍ രൂപകല്‍പ്പന ചെയ്യുകയും പുറത്തിറക്കുകയും ചെയ്തു. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടെലികോം സേവന ദാതാവായിരുന്ന വിഎസ്എന്‍എല്ലിനെ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

2008 ല്‍ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോ കാര്‍ രൂപകല്‍പ്പന ചെയ്യുകയും പുറത്തിറക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പിന് ആംഗ്ലോ-ഡച്ച് സ്റ്റീല്‍ നിര്‍മാതാക്കളായ കോറസ്, ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡുകളായ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്ലി എന്നിവ ഏറ്റെടുത്തപ്പോള്‍ ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചു.

വിജയകരമായ നിക്ഷേപകനെന്ന നിലയിലും രത്തന്‍ ടാറ്റ അറിയപ്പെടുന്നു. പ്രാരംഭ ഘട്ടത്തിലുള്ള പല സ്റ്റാര്‍ട്ടപ്പുകളിലും അദ്ദേഹം പണം നിക്ഷേപിച്ചിട്ടുണ്ട്. ഒല, പേടിഎം, കാര്‍ഡെക്കോ, ക്യൂര്‍ഫിറ്റ്, സ്‌നാപ്ഡീല്‍, ഫസ്റ്റ് ക്രൈ, അര്‍ബന്‍ ലാഡര്‍, ലെന്‍സ്‌കാര്‍ട്ട് തുടങ്ങിയ വിജയകരമായ സ്റ്റാര്‍ട്ടപ്പുകളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved