കരുതല്‍ധനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാറിന് ആര്‍ബിഐ 1.76 ലക്ഷം കോടി രൂപ കൈമാറും; ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയെന്ന ആക്ഷേപം ശക്തം

August 27, 2019 |
|
News

                  കരുതല്‍ധനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാറിന് ആര്‍ബിഐ 1.76 ലക്ഷം കോടി രൂപ കൈമാറും; ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയെന്ന ആക്ഷേപം ശക്തം

ന്യൂഡല്‍ഹി:  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിരിക്കുകയാണ്. കരുതല്‍ ധനത്തിന്റെ ഒരുപങ്ക് കേന്ദ്രസര്‍ക്കാറിന് കൈമാറാനുള്ള തയ്യാറെടുപ്പിലാണ് റിസര്‍വ്  ബാങ്ക് ഓഫ് ഇന്ത്യ. സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക നടപടികള്‍ക്ക് ആശ്വാസവുമായി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറും. ബിമല്‍ ജലാന്‍ സമിതി നിര്‍ദ്ദേശം ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിച്ചു. ഇതോടെ മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കും. ആര്‍ബിഐയുടെ അധിക കരുതല്‍ ധനശേഖരം കേന്ദ്ര സര്‍ക്കാരിന് ഘട്ടംഘട്ടമായി 3-5 വര്‍ഷം കൊണ്ട് കൈമാറണമെന്നാണ് ബിമല്‍ ജലാല്‍ സമിതിയുടെ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക മൂലധന ഘടന വിലയിരുത്താന്‍ നിയമിച്ച ആറംഗ സമിതിയാണ് ഇത്. കരുതല്‍ ധനം കൈമാറുന്നതില്‍ നേരത്തെ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലും സര്‍ക്കാരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

കേന്ദ്ര ബാങ്കിന് ഒന്‍പത് ലക്ഷം കോടി രൂപയോളം അധിക മൂലധന ശേഖരമുണ്ടെന്നാണ് കണക്ക്. അധിക കരുതല്‍ ധനം സര്‍ക്കാരിന് ലഭ്യമാകുന്നതോടെ പൊതുഖജനാവിലേക്ക് പണമെത്തുകയും ഇത് ധനകമ്മി ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിനെ സഹായിക്കുകയും ചെയ്യും. നടപ്പു സാമ്പത്തിക വര്‍ഷം 3.3 ശതമാനമാണ് സര്‍ക്കാരിന്റെ ധനകമ്മി ലക്ഷ്യമിടല്‍. കരുതല്‍ ധനശേഖരത്തിനു പുറമെ റിസര്‍വ് ബാങ്കില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 90,000 കോടിയുടെ ലാഭവിഹിതവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം ലാഭവിഹിതമായി 68,000 കോടി രൂപയാണ് ആര്‍ബിഐ കൈമാറിയിരുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഇടപെടലുകളും സര്‍ക്കാരിന് അനുകൂല തീരുമാനം എടുക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും കരുത്ത് കാട്ടുമെന്നണ് സൂചന. അടിസ്ഥാന വികസനത്തിനും തൊഴിലില്ലായ്മ ഇല്ലായ്മ ചെയ്യാനും മോദി സര്‍ക്കാരിന് പദ്ധതികള്‍ കൂടുതലായി ആവിഷ്‌കരിക്കാന്‍ കഴിയും.

മൊത്തം ആസ്തിയുടെ 28 ശതമാനമാണ് ആര്‍ബിഐയുടെ കരുതല്‍ ധനശേഖര അനുപാതം. ഇത് 14 ശതമാനമെന്ന ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നും അതിനാല്‍ അധികമുള്ള തുക സര്‍ക്കാരിന് നല്‍കണമെന്നുമാണ്് ധനകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം. ആര്‍ബിഐ നിലനിര്‍ത്തേണ്ട അധിക കരുതല്‍ ധനശേഖരാനുപാതം സംബന്ധിച്ച് ഇതിനു മുന്‍പ് വി സുബ്രഹ്മണ്യം (1997), ഉഷ തോറാത്ത് (2004), വൈ എച്ച് മാലേഗം (2013) എന്നീ മൂന്നു സമിതികള്‍ പഠനം നടത്തിയിട്ടുണ്ട്. ഇതില്‍ സുബ്രഹ്മണ്യം സമിതി 12 ഉം തോറാത്ത് സമിതി 18 ശതമാനവും കരുതല്‍ ശേഖരമാണ് ശുപാര്‍ശ ചെയ്തത്. തോറാത്ത് സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാത്ത ആര്‍ബിഐ ബോര്‍ഡ് സുബ്രഹ്മണ്യം സമിതിയുടെ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു.

രാജ്യത്തെ സമ്പദ്വ്യവസ്ഥ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി സമീപഭാവിയില്‍ സംഭവിച്ചേയ്ക്കാവുന്ന സാമ്പത്തികമാന്ദ്യത്തിന്റെ സൂചനയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. 2006ലെ ആഗോളസാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച ഇന്ത്യയ്ക്ക് ഇത്തവണ അതിന് സാധ്യമാകുമോ എന്ന ചര്‍ച്ചയും സജീവമാണ്. തന്ത്രപ്രധാനമായ മേഖലകളിലെല്ലാം തുടര്‍ച്ചയായ ഓരോ പാദത്തിലും തളര്‍ച്ചയാണ് നേരിടുന്നത്. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. ട്രാക്ടറുകളുടെ വില്‍പ്പനയിലുണ്ടായ കുറവ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്. തൊഴില്‍ മേഖലയിലെ പ്രതിസന്ധിയാണ് ഏറ്റവും രൂക്ഷമായി തുടരുന്നത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം കിട്ടുന്നത് മോദി സര്‍ക്കാരിന് പുതിയ ഊര്‍ജ്ജമാകും. കരുതല്‍ ധനശേഖരത്തിന്റെ സിംഹഭാഗവും ഉപയോഗിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് നല്‍കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

ആര്‍ബിഐക്ക് മൂന്ന് ട്രില്യണ്‍ കരുതല്‍ ധനത്തിന്റെ ആസ്തിയുണ്ടെന്നായിരുന്നു ബിമല്‍ ജലാല്‍ സമിതിയുടെ കണ്ടെത്തല്‍. ജിഡിപി നിരക്ക് 1.5 ശതമാനത്തിന്റെ കരുതല്‍ധന വര്‍ധനവാണ് ആര്‍ബിഐക്കുള്ളത്. ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ പങ്ക് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കണമെന്നാണ് സര്‍ക്കാറിന്റെ പക്ഷം. ആര്‍ബിഐയുടെ അധിക കരുതല്‍ മൂലവധനം ബജറ്റ് ലക്ഷ്യങ്ങള്‍ക്കുള്ളതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം കുറഞ്ഞ മൂലധന ക്രമം സ്വീകരിക്കണമെന്ന വാദമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നോട്ട് വച്ചത്്. ഈ സാഹചര്യത്തില്‍ മൂലധനക്രമം 6.25 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായി കുറക്കാന്‍ സാധിക്കാന്‍ പറ്റിയാല്‍ കേന്ദ്ര ബാങ്കിന് കരുതല്‍ ധനം 1.3 ട്രില്യണ്‍ അധിക ആസ്തി ഉണ്ടാക്കാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍.

ലാഭത്തില്‍നിന്ന് 50,000 കോടി രൂപ റിസര്‍വ് ബാങ്ക് മുമ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ കരുതല്‍ധനത്തില്‍നിന്ന് കൂടുതല്‍ പണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ചതുകൊണ്ടാണ് ഉര്‍ജിത് പട്ടേലിന് ആര്‍.ബി.ഐ. ഗവര്‍ണര്‍സ്ഥാനം രാജിവെക്കേണ്ടിവന്നത്. പിന്നീട് ശക്തികാന്ത ദാസ് പുതിയ ഗവര്‍ണറായി സ്ഥാനമേറ്റതോടെയാണ് പണത്തിനായുള്ള സമ്മര്‍ദം കേന്ദ്രം ശക്തിപ്പെടുത്തിയത്. റിസര്‍വ് ബാങ്ക് നിയമത്തിന്റെ 47-ാം വകുപ്പില്‍ ലാഭത്തിന്റെ ഒരു വിഹിതമാണ് ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, ചെലവുകഴിച്ചുള്ള മുഴുവന്‍ മിച്ചവും കേന്ദ്രത്തിന് നല്‍കുകയാണ് പൊതുവേ ആര്‍.ബി.ഐ. ചെയ്യുന്നത്.

നോട്ടുനിരോധനം കാരണമുള്ള അധികച്ചെലവുകാരണം ലാഭം കുറഞ്ഞതുകൊണ്ട് 2016-17 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായി 30,659 കോടി രൂപയേ നല്‍കിയിട്ടുള്ളൂ. 2018-19 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായാണ് 50,000 രൂപ നല്‍കിയത്. ചരക്ക്-സേവന നികുതിയില്‍നിന്നുള്ള വരുമാനം ലക്ഷ്യത്തിലും താഴെപ്പോയതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിവില്‍പ്പനയില്‍നിന്ന് ഉദ്ദേശിച്ച തുക കിട്ടാത്തതുമാണ് കൂടുതല്‍ പണത്തിന് ആര്‍.ബി.ഐ.യെ സമീപിക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കിയത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഭൂവിസ്തൃതിയനുസരിച്ച് സഹായധനം നല്‍കാനും ആലോചനയുണ്ട്. ഇവ നടപ്പാക്കണമെങ്കില്‍ ആര്‍.ബി.ഐ.യില്‍നിന്ന് പണം കിട്ടിയേ തീരൂവെന്ന് തെരഞ്ഞെടുപ്പിന് മുമ്പും ആര്‍ബിഐയോടെ കേന്ദ്രം നിര്‍ദ്ദേശം വച്ചിരുന്നു.

ശക്തികാന്ത ദാസ് ഗവര്‍ണറായതോടെ കേന്ദ്രനിര്‍ദ്ദേശത്തിന് ആര്‍.ബി.ഐ. ഉടന്‍ വഴങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, മിച്ചധനം ചെലവഴിക്കുന്ന കാര്യത്തില്‍ മാര്‍ഗരേഖ ആവിഷ്‌കരിക്കുന്നതിന് സമിതിയെ നിയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. മുന്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ ബിമല്‍ ജലാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇങ്ങനെയാണ് രൂപം കൊണ്ടത്. ഈ സമിതിയും പണം കൈമാറാനായിരുന്നു ശുപാര്‍ശ ചെയ്തത്. 

Related Articles

© 2025 Financial Views. All Rights Reserved