
റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചിരിക്കുന്നു. വായ്പകള്‍ക്ക് ഒറ്റത്തവണ അനുവദിച്ചിരിക്കുന്ന പുനഃക്രമീകരണമാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. കൊവിഡ് പ്രതിസന്ധിയില്‍ വഴിമുട്ടിനില്‍ക്കുന്ന കമ്പനികളെയും വ്യക്തികളെയും സഹായിക്കാന്‍ പുതിയ നീക്കത്തിന് കഴിയുമെന്ന് കേന്ദ്ര ബാങ്ക് കരുതുന്നു. പുതിയ പദ്ധതിക്ക് കീഴില്‍ വായ്പാ അടവുകള്‍ മുടക്കി നില്‍ക്കുന്ന കമ്പനികളുടെയും വ്യക്തികളുടെയും കണക്കുകള്‍ നിഷ്‌ക്രിയാസ്തിയായി തരംതിരിക്കില്ല. പകരം വായ്പാഘടന പുനഃക്രമീകരിക്കാന്‍ കേന്ദ്ര ബാങ്ക് നടപടിയെടുക്കും.
മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി കെവി കമ്മത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് നടപടിക്കാവശ്യമായ ചട്ടക്കൂടിന് രൂപംനല്‍കാനാണ് റിസര്‍വ് ബാങ്കിന്റെ തയ്യാറെടുപ്പ്. 2019 ജൂണ്‍ 7 സര്‍ക്കുലര്‍ പ്രകാരം വായ്പകളെ തരംതാഴ്ത്താതെ നിശ്ചിത കാലയളവിലേക്ക് പുനഃക്രമീകരിക്കാന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചു. മുന്‍കാല അനുഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തി പോരായ്മകള്‍ പരിഹരിച്ച് ആവശ്യമായ സുരക്ഷാ ഒരുക്കങ്ങള്‍ ബാങ്ക് കൈക്കൊള്ളുമെന്നും ധനനയ സമിതി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
യോഗ്യരായ വായ്പക്കാര്‍ക്ക് പ്രായോഗിക പരിഹാര പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബോര്‍ഡ് അംഗീകൃത നയങ്ങള്‍ രൂപീകരിക്കാന്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളോട് കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടുകഴിഞ്ഞു. പുതിയ പദ്ധതിക്ക് കീഴില്‍ വായ്പയെടുക്കുന്നവരുടെ യോഗ്യതയെക്കുറിച്ചും വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും റിസര്‍വ് ബാങ്ക് വൈകാതെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി വായ്പക്കാര്‍ക്ക് അധിക വായ്പാ സൗകര്യങ്ങള്‍ അനുവദിക്കുന്നതിനെക്കുറിച്ചും റിസര്‍വ് ബാങ്ക് ചിന്തിക്കുന്നുണ്ട്. ഒരുപക്ഷെ, മൊറട്ടോറിയം വഴിയോ അല്ലാതെയോ വായ്പയുടെ ശേഷിക്കുന്ന കാലാവധി രണ്ടു വര്‍ഷത്തില്‍ കവിയാത്ത കാലയളവില്‍ നീട്ടാന്‍ ബാങ്കുകള്‍ സൗകര്യമൊരുക്കും.
കോര്‍പ്പറേറ്റ് വായ്പകളുടെ കാര്യത്തില്‍ കടത്തിന്റെ ഒരുഭാഗം ഓഹരിയായോ, വിപണനയോഗ്യമായ മാറ്റാനാകാത്ത സെക്യൂരിറ്റികളിലേക്കോ പരിവര്‍ത്തനം ചെയ്തുകൊണ്ട് കോര്‍പ്പറേറ്റ് വായ്പ പുനഃക്രമീകരിക്കാനാണ് കേന്ദ്ര ബാങ്ക് ഒരുങ്ങുന്നത്. വായ്പ കൊടുക്കുന്ന സ്ഥാപനങ്ങള്‍ കടത്തിന്റെ ഏതെങ്കിലുമൊരു ഭാഗം മറ്റേതെങ്കിലും സെക്യൂരിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ മൊത്തം മൂല്യം 1 രൂപയായിരിക്കും.
സ്വകാര്യ വായ്പക്കാര്‍ക്കും ഒറ്റത്തവണയായി വായ്പ പുനഃക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതേസമയം, വായ്പ നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രം ഈ സൗകര്യം ലഭിക്കില്ല. 2020 മാര്‍ച്ച് 1 -ലെ വിവരം പ്രകാരം 30 വര്‍ഷത്തില്‍ത്താഴെ കുടിശ്ശികയുള്ള എല്ലാ വായ്പക്കാര്‍ക്കും ഒറ്റത്തവണയായി വായ്പ പുനഃക്രമീകരിക്കാം. 2020 ഡിസംബര്‍ 31 -ന് അകം നടപടി ആരംഭിക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പകളും ഒറ്റത്തവണയായി പുനഃക്രമീകരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് (25 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക്) റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതേസമയം, ഈ കമ്പനികള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഈ പദ്ധതി നടപ്പിലാക്കാന്‍ 2021 മാര്‍ച്ച് 31 വരെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സമയമുണ്ട്.