പേടിഎം പേയ്‌മെന്റ് ബാങ്ക്: ആര്‍ബിഐ വിലക്ക് ഉടന്‍ നീങ്ങുമെന്ന് പ്രതീക്ഷ

May 23, 2022 |
|
News

                  പേടിഎം പേയ്‌മെന്റ് ബാങ്ക്:  ആര്‍ബിഐ വിലക്ക് ഉടന്‍ നീങ്ങുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ് ബാങ്ക് പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിലുള്ള ആര്‍ബിഐ വിലക്ക് ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പേടിഎം ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മധൂര്‍ ദേവ്‌റ. ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ അനുബന്ധ സ്ഥാപനമാണ് പേടിഎം പേയ്‌മെന്റ് ബാങ്ക്.

ആര്‍ബിഐ ഒരു നിശ്ചിത സമയപരിധിയിലേക്കല്ല നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഉടന്‍ തന്നെ പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയുള്ള ഇടപാടുകളിലേക്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ, ആര്‍ബിഐ ക്ലിയറന്‍സ് ലഭിക്കാന്‍ മൂന്നു മുതല്‍ അഞ്ച് മാസമാണ് പ്രതീക്ഷിക്കുന്നത്.

ആര്‍ബിഐ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായാലുടന്‍ ഞങ്ങള്‍ മുന്നോട്ട് പോകും. ഇക്കാരണം കൊണ്ട് പുതിയ ഉപഭോക്താക്കളെ പേടിഎമ്മിന്റെ ഭാഗമാക്കുന്നത് അവസാനിക്കുന്നില്ലെന്ന്, ദേവ്റ പറഞ്ഞു. മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ചിലാണ് ആര്‍ബിഐ പേടിഎം പേയ്‌മെന്റ് ബാങ്കിനെ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് വിലക്കിയത്. ബാങ്കിന്റെ ഐടി സംവിധാനത്തില്‍ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്തുന്നതിന് ഒരു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

നിലവിലുള്ള ഉപഭോക്താക്കളെ ഈ നിരോധനം ബാധിക്കില്ല. പുതിയ ഉപയോക്താക്കള്‍ക്ക് യുപിഐ സേവനം, പേടിഎം പോസ്റ്റ്‌പെയ്ഡ് തുടങ്ങിയ എല്ലാ സേവനങ്ങളും ഉപയോഗിക്കാം. എന്നാല്‍, പുതിയ ഉപയോക്താക്കള്‍ക്ക് ഞങ്ങളുടെ ബിസിനസ്സിന്റെ വളരെ ചെറിയ ശതമാനം മാത്രം വരുന്ന പേടിഎം പേയ്‌മെന്റ് ബാങ്കുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ഇപ്പോള്‍ ലഭിക്കാത്തതെന്ന് ദേവ്റ അഭിപ്രായപ്പെട്ടു. കമ്പനിയുടെ ബിസിനസ്സ് വളരുകയാണെന്നും 2023 സെപ്റ്റംബറോടെ ബ്രേക്ക്ഇവന്‍ കൈവരിക്കുന്നതിനുള്ള ലക്ഷ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Read more topics: # പേടിഎം, # Paytm,

Related Articles

© 2024 Financial Views. All Rights Reserved