മതിയായ മൂലധനവും വരുമാനവും ഇല്ല; ഈ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

March 23, 2022 |
|
News

                  മതിയായ മൂലധനവും വരുമാനവും ഇല്ല; ഈ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

മുംബൈ: മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കാണ്‍പൂര്‍ ആസ്ഥാനമായുള്ള പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ സഹകരണ രജിസ്ട്രാറോട് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്നതിനും വായ്പ നല്‍കുന്നവര്‍ക്കായി ഒരു ലിക്വിഡേറ്ററെ നിയമിക്കുന്നതിനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, ഓരോ നിക്ഷേപകനും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ബാങ്ക് സമര്‍പ്പിച്ച ഡാറ്റ അനുസരിച്ച്, 99 ശതമാനത്തിലധികം നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപത്തിന്റെ മുഴുവന്‍ തുകയും ഡിഐസിജിസിയില്‍ നിന്ന് സ്വീകരിക്കാന്‍ അര്‍ഹതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയുമില്ലെന്നും 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി. ഇതോടെ നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും ബാങ്കിന് ഇനി സാധ്യമാകാതെ വരും. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ ബാങ്കിന്, അതിന്റെ നിലവിലെ നിക്ഷേപകര്‍ക്ക് മുഴുവന്‍ പണം നല്‍കാന്‍ കഴിയില്ല. ബാങ്ക് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നത് നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആര്‍ബിഐ വ്യക്തമാക്കി. 2022 ഫെബ്രുവരി 14 വരെ, നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 6.97 കോടി രൂപ ഡിഐസിജിസി അനുവദിച്ചു.

Read more topics: # RBI, # ആര്‍ബിഐ,

Related Articles

© 2025 Financial Views. All Rights Reserved