കോവിഡ് രണ്ടാംതരംഗം: രാജ്യത്തെ ഉപഭോഗത്തെയും തൊഴില്‍ ലഭ്യതയെയും ബാധിച്ചതായി റിസര്‍വ് ബാങ്ക്

May 19, 2021 |
|
News

                  കോവിഡ് രണ്ടാംതരംഗം:  രാജ്യത്തെ ഉപഭോഗത്തെയും തൊഴില്‍ ലഭ്യതയെയും ബാധിച്ചതായി റിസര്‍വ് ബാങ്ക്

മുംബൈ: കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച പ്രതിസന്ധിയും വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴില്‍ ലഭ്യതയെയും ബാധിച്ചതായി റിസര്‍വ് ബാങ്ക്. മേയില്‍ പുറത്തിറക്കിയ ആര്‍.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ തടസ്സപ്പെട്ടിട്ടുണ്ട്. 2021 ഏപ്രില്‍-മേയ് മാസങ്ങളില്‍ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങള്‍ താഴ്ന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡിന്റെ രണ്ടാംവ്യാപനത്തില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലാണ്. ഗതാഗത സംവിധാനങ്ങള്‍ പരിമിതമായി. ആളുകള്‍ പണം ചെലവഴിക്കുന്നത് കരുതലോടെയാക്കി. ഇതാണ് ഉപഭോഗത്തെ ബാധിച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രണങ്ങള്‍ കാര്യമായി ബാധിച്ചിട്ടില്ല.

കോവിഡ് രണ്ടാമതും പടര്‍ന്നത് 2021-'22 സാമ്പത്തികവര്‍ഷത്തെ ആദ്യ പാദത്തിന്റെ പകുതിയില്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറച്ചതായും ആര്‍.ബി.ഐ. പറയുന്നു. എന്നാല്‍, നിലവില്‍ ലഭ്യമായ സൂചനകള്‍ പ്രകാരം മുന്‍വര്‍ഷത്തെ അത്ര നഷ്ടം ഇത്തവണ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. കോവിഡ്വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ പുതിയ തൊഴിലവസരങ്ങളും കുറച്ചു.

ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ബാലന്‍സ് ഷീറ്റ് 2020-'21 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടും മൂന്നും പാദങ്ങളില്‍ കുറഞ്ഞ തോതിലെങ്കിലും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. വിപണിയിലെ പണലഭ്യതയില്‍ ഇത്തരം സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ വളര്‍ച്ച സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമാണെന്നും ആര്‍.ബി.ഐ. സൂചിപ്പിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved